വിനിപെഗ് : മാനിറ്റോബ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഫസ്റ്റ് നേഷൻസ് വനിത അമാൻഡ ലാത്‌ലിൻ അന്തരിച്ചു. 49 വയസ്സായിരുന്നു. മാനിറ്റോബ എൻഡിപി കോക്കസിലെ ആദ്യ ഫസ്റ്റ് നേഷൻസ് വനിത എന്ന പ്രത്യേകതയും ദി പാസ്-കമീസാക് റൈഡിങ്ങിനെ പ്രതിനിധീകരിക്കുന്ന അമാൻഡ ലാത്‌ലിനുണ്ട്. ലാത്‌ലിൻ ഒപാസ്ക്വായക് ക്രീ നേഷന്‍റെ മുൻ ബാൻഡ് കൗൺസിലറായിരുന്നു. മരണകാരണം വ്യക്തമല്ല.

2015-ലാണ് അമാൻഡ ആദ്യമായി പ്രവിശ്യാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മാനിറ്റോബ എൻഡിപി കോക്കസ് അറിയിച്ചു. നോർത്തേൺ കമ്മ്യൂണിറ്റികളിൽ ഗർഭം അലസുന്ന അമ്മമാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകുന്നതിനും ലൈംഗികാതിക്രമ പരിചരണം ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള നിയമനിർമ്മാണം നടപ്പിലാക്കുന്നതിന് അമാൻഡ ലാത്‌ലിൻ പരിശ്രമിച്ചതായി പ്രീമിയർ വാബ് കിന്യൂ അനുശോചന പ്രസ്താവനയിൽ അറിയിച്ചു. അമാൻഡ മറ്റ് തദ്ദേശീയ സ്ത്രീകൾക്ക് നിയമസഭയിൽ സേവനമനുഷ്ഠിക്കാൻ വഴിയൊരുക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
