ന്യൂയോര്‍ക്ക്: മണ്‍ട്രിയല്‍ ട്രൂഡോ വിമാനത്താവളത്തില്‍ എയര്‍ കാനഡ വിമാനം അപകടത്തില്‍പ്പെട്ടതിന് തൊട്ടുമുമ്പുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റെക്കോര്‍ഡിങ്ങുകള്‍ പുറത്ത്. റണ്‍വേയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ട്രക്കിനോട് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കുന്നത് റെക്കോര്‍ഡിങ്ങില്‍ വ്യക്തമാണ്. പൈലറ്റും ഗ്രൗണ്ട് സ്റ്റാഫും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ തകരാറാണോ അപകടകാരണമെന്ന് അധികൃതരുടെ അന്വേഷണത്തിനിടയിലാണ് റെക്കോര്‍ഡിങ്ങുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
മറ്റൊരു വിമാനത്തില്‍ നിന്ന് ലഭിച്ച അപായസൂചനയെത്തുടര്‍ന്ന് അടിയന്തര സഹായത്തിനായി എത്തിയതായിരുന്നു ഫയര്‍ ട്രക്ക്. എന്നാല്‍ ഈ സമയം ലാന്‍ഡിങ്ങിന് തയ്യാറെടുത്ത എയര്‍ കാനഡ ഫ്‌ലൈറ്റ് 8646-ന്റെ പാതയിലേക്കാണ് ട്രക്ക് പ്രവേശിച്ചത്. ‘നില്‍ക്കൂ, നില്‍ക്കൂ… ട്രക്ക് 1 നില്‍ക്കൂ!’ എന്ന് കണ്‍ട്രോളര്‍ പലതവണ അലറി വിളിച്ചെങ്കിലും മണിക്കൂറില്‍ 39 കിലോമീറ്റര്‍ വേഗതയില്‍ വന്ന വിമാനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാനഡ സ്വദേശികളായ രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 72 യാത്രക്കാരെയും ജീവനക്കാരെയും സാഹസികമായാണ് പുറത്തെത്തിച്ചത്. പരുക്കേറ്റ 41 പേരെ ക്വീന്‍സിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തനിക്ക് പിഴവ് സംഭവിച്ചതായി കണ്‍ട്രോളര്‍ റേഡിയോയിലൂടെ പറയുന്നത് കേള്‍ക്കാം. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
