Monday, March 23, 2026

കാനഡയിൽ ഇമിഗ്രേഷൻ വീഴ്ച; വ്യാജരേഖ ചമച്ചവർക്കും വീസ, ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

ഓട്ടവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമിൽ വരുത്തിയ പരിഷ്കാരങ്ങൾ ലക്ഷ്യം കണ്ടില്ലെന്ന് ഓഡിറ്റർ ജനറൽ കാരെൻ ഹോഗന്റെ പുതിയ റിപ്പോർട്ട്. 2023-24 വർഷങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്ത 1.5 ലക്ഷത്തിലധികം സംശയാസ്പദമായ കേസുകളിൽ കേവലം 4,000 എണ്ണത്തിൽ മാത്രമാണ് ഫെഡറൽ സർക്കാർ അന്വേഷണം നടത്തിയത്. നിയമലംഘനം നടത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്താനോ അവർക്കെതിരെ നടപടിയെടുക്കാനോ ഇമിഗ്രേഷൻ വകുപ്പിന് സാധിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ ആരോപിച്ചു.

വ്യാജ രേഖകൾ സമർപ്പിച്ച് സ്റ്റഡി പെർമിറ്റ് നേടിയ എണ്ണൂറോളം പേർക്കെതിരെ നടപടിയെടുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. നിലവിലില്ലാത്ത വിദേശ സ്ഥാപനങ്ങളുടെ പേരിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവർ പോലും കാനഡയിൽ സ്ഥിരതാമസത്തിന് അനുമതി നേടിയതായി ഓഡിറ്റ് കണ്ടെത്തി. കൂടാതെ, സ്റ്റഡി പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരെ കണ്ടെത്താനോ പുറത്താക്കാനോ ഉള്ള കൃത്യമായ സംവിധാനം ഇമിഗ്രേഷൻ വകുപ്പിന്റെ പക്കലില്ലെന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പരിഷ്കാരങ്ങൾ ചെറുകിട പ്രവിശ്യകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രതീക്ഷിച്ചതിലും 59 ശതമാനത്തിലധികം കുറവാണ് പെർമിറ്റുകളുടെ എണ്ണത്തിൽ ഉണ്ടായത്. ഓഡിറ്റ് റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിക്കുന്നുവെന്നും, 2027-ഓടെ താൽക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി ലിന മെറ്റ്‌ലെജ് പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!