വാഷിങ്ടൺ: അമേരിക്കയിൽ അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നുകളുടെ വിലയിൽ വൻ ഇടിവ്. പ്രമുഖ മരുന്ന് നിർമ്മാണ കമ്പനികളായ എലി ലില്ലി, നോവോ നോർഡിസ്ക് എന്നിവർ തങ്ങളുടെ ജനപ്രിയ മരുന്നുകളായ സെപ്ബൗണ്ട് (Zepbound), വെഗോവി (Wegovy) എന്നീ മരുന്നുകളുടെ വിലയാണ് കുത്തനെ കുറച്ചത്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ നേരിട്ട് ആകർഷിക്കാനാണ് കമ്പനികളുടെ ഈ നീക്കം. 2021-ൽ പുറത്തിറങ്ങിയപ്പോൾ മാസം 1,600 ഡോളറിലധികം വിലയുണ്ടായിരുന്ന വെഗോവി ഇപ്പോൾ 149 ഡോളറിന് ലഭ്യമാണ്. അതുപോലെ, 1,000 ഡോളറിലധികം വിലയുണ്ടായിരുന്ന ‘സെപ്ബൗണ്ട്’ വിയലുകൾക്ക് ഇപ്പോൾ 299 ഡോളർ മുതലാണ് വില. മരുന്ന് കമ്പനികൾ തങ്ങളുടെ വെബ്സൈറ്റുകൾ വഴിയും വാൾമാർട്ട്, കോസ്റ്റ്കോ തുടങ്ങിയ റീട്ടെയിൽ ഭീമന്മാർ വഴിയും നേരിട്ട് മരുന്ന് വിൽക്കാൻ തുടങ്ങിയത് വില കുറയാൻ കാരണമായി. ഇത് ഇടനിലക്കാരായ ഫാർമസി ബെനഫിറ്റ് മാനേജർമാരെ ഒഴിവാക്കാൻ സഹായിക്കുന്നത് കൊണ്ടാണിത്. മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനായി പ്രസിഡന്റ് ട്രംപ് ‘TrumpRx’ എന്ന പേരിൽ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.

കൂടാതെ, ജൂലൈ മുതൽ സർക്കാർ ഇൻഷുറൻസ് പദ്ധതിയായ മെഡികെയർ വഴി ഈ മരുന്നുകൾ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മരുന്നിൻ്റെ വില കുറഞ്ഞതിൻ്റെ ആശ്വാസത്തിലാണ് റൂത്ത് ഗോൺസാലസിനെപ്പോലെയുള്ള സാധാരണക്കാർ. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് മരുന്ന് വാങ്ങിയിരുന്ന ഇവർക്ക്, വില കുറഞ്ഞതോടെ ഉയർന്ന ഡോസ് മരുന്നുകൾ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം ഗണ്യമായി കുറയ്ക്കാനും സഹായിച്ചതായാണ് അനുഭവം. അതേ സമയം വില കുറഞ്ഞെങ്കിലും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഇപ്പോഴും ഈ മരുന്നുകൾ അപ്രാപ്യമാണ്. കാലിഫോർണിയയിലെ ഷെക്കിന സമായ-തോമസിനെപ്പോലെയുള്ളവർ ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കി യതോടെ മരുന്ന് വാങ്ങാൻ പ്രയാസപ്പെടുകയാണ്. വെറും വിപണി മത്സരത്തിലൂടെയല്ല, മറിച്ച് എല്ലാ ഇൻഷുറൻസ് കമ്പനികളും അമിതവണ്ണത്തിനുള്ള ചികിത്സയ്ക്ക് പരിരക്ഷ നൽകുന്നതിലൂടെ മാത്രമേ സാധാരണക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കൂ എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
