ഓട്ടവ: കാനഡയിലെ കൃഷിഭൂമിയുടെ വിലയിൽ കഴിഞ്ഞ വർഷവും വൻ വർധന രേഖപ്പെടുത്തിയതായി ഫാം ക്രെഡിറ്റ് കാനഡ റിപ്പോർട്ട്. 2025 ൽ ശരാശരി 9.5 % വർധനവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തുടരുന്ന വിലക്കയറ്റമാണിതെങ്കിലും വിവിധ പ്രവിശ്യകളിൽ വ്യത്യസ്ത രീതിയിലായിരുന്നു പ്രതിഫലമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ആഗോള വിപണിയിലെ തിരിച്ചടികൾക്കിടയിലും കാർഷികഭൂമി സുരക്ഷിതമായി നിക്ഷേപം തുടരുന്നുവെന്നതാണ് കർഷകരുടെ ആശ്വാസം.
പ്രവിശ്യകൾ പരിശോധിക്കുമ്പോൾ സസ്കാച്വാൻ (9.4 %), മാനിറ്റോബ (12.2%), ആൽബർട്ട (11.4%) എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടായത്. അതേസമയം, ബ്രിട്ടിഷ് കൊളംബിയയിൽ വില 1.7 % കുറഞ്ഞു. കടുത്ത കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദന തടസ്സങ്ങളും കാരണം പഴവർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന കർഷകർ വിപണിയിൽ നിന്ന് പിന്മാറുന്നത് ഇവിടുത്തെ വിലയിടിവിന് കാരണമായി. എന്നാൽ ഒന്റാരിയോ, കെബെക് എന്നിവിടങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ വളർച്ചയാണ് രേഖപ്പെടുത്തിയത്.

അമേരിക്കയുടെ ഇറക്കുമതി തീരുവകളും മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം വളം ലഭ്യതയിലുണ്ടായ കുറവും കർഷകർക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ കർഷകർക്കായി എഫ്.സി.സി പ്രത്യേക സാമ്പത്തിക സഹായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കഠിനമാണെങ്കിലും, കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിലുള്ള വലിയ ആവശ്യം കണക്കിലെടുക്കുമ്പോൾ ഈ മേഖലയുടെ ഭാവി സുരക്ഷിതമാണെന്ന് അധികൃതർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
