Tuesday, March 24, 2026

മോഹൻലാലിന്റെ പരാതി ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരില്ലെന്ന് മെറ്റ; പുതിയ അപേക്ഷ സമർപ്പിക്കാൻ നിർദേശം

ന്യൂഡൽഹി: പരസ്യ- വ്യക്തിത്വ അവകാശങ്ങളിൽ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി. നടന്റെ ചിത്രങ്ങളും വിഡിയോകളും ശബ്ദങ്ങളുമുപയോഗിച്ച് പ്രചാരണം നടത്തുന്ന എല്ലാലിങ്കുകളും ക്രോഡീകരിച്ച് പുതിയ അപേക്ഷ നൽകാനാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.എഫ്. ഫിലിപ്പിനോട് കോടതി ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.

അതിനിടെ, കേസ് ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്ന് മെറ്റയുടെ അഭിഭാഷകൻ വാദിച്ചു. നടൻ കേരളത്തിൽനിന്നുള്ള വ്യക്തിയാണെന്നും കേസിലെ മറ്റ് കക്ഷികളും ഡൽഹിക്ക് പുറത്താണെന്നും മെറ്റയുടെ അഭിഭാഷകനായ വരുൺ പഥക് കോടതിയിൽ പറഞ്ഞു. ലിങ്കുകൾ ക്രോഡീകരിച്ച് നൽകാൻ ആവശ്യപ്പെട്ടപ്പോൾ, ഓരോ നിമിഷത്തിലും പുതിയ ലിങ്കുകൾ ക്രിയേറ്റ് ചെയ്യപ്പെടുകയാണെന്ന് മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് പുതിയ അപേക്ഷ നൽകാൻ കോടതി നിർദേശിച്ചത്.

നേരത്തെ, കേസ് പരിഗണിച്ച കോടതി വിഷയം ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമായും അഞ്ച് തരത്തിലാണ് താരത്തിന്റെ വ്യക്തിത്വം ദുരുപയോഗംചെയ്യുന്നതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എഐ- ഡീപ് ഫെയ്ക്ക് ചിത്രങ്ങളും വീഡിയോകളും നിർമിച്ച് ബോഡി ഷെയിം നടത്തുന്നു. താരത്തിന്റെ ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ ലഭ്യമാണെന്നും മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വിഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനിൽ കപൂർ, അമിതാഭ് ബച്ചൻ എന്നിവർക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!