ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ 2024-ൽ നടന്ന ഇരട്ട വെടിവെപ്പുമായി ബന്ധപ്പെട്ട് തിരയുന്ന പ്രധാന പ്രതി അഡ്രിയാൻ വാക്കർ അമേരിക്കയിലെ മിസിസിപ്പിയിൽ വെച്ച് പിടിയിലായി. കാനഡയിലെ ബൊലോ (BOLO- Be On The Lookout)) പ്രോഗ്രാം പുറത്തുവിട്ട ഏറ്റവും അപകടകാരികളായ 25 കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. മിസിസിപ്പിയിലെ ഓക്സ്ഫോർഡിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വാക്കറെ ഉടൻ തന്നെ ടൊറന്റോയിലേക്ക് കൊണ്ടുപോകുമെന്നും കൊലപാതകക്കുറ്റം ചുമത്തുമെന്നും അധികൃതർ അറിയിച്ചു. 2024 മെയ് 7-ന് ടൊറന്റോയിലെ ഓക്ക് വുഡ് വില്ലേജിൽ നടന്ന വെടിവെപ്പിൽ ട്രെവർ ഡാൽട്ടൺ ജോൺ (31) എന്ന യുവാവ് കൊല്ലപ്പെടുകയും യുവതിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഈ കേസിൽ ഒന്നാം പ്രതിയാണ് വാക്കർ. വ്യക്തിപരമായ പകയാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം അഡ്രിയാൻ വാക്കർ രാജ്യം വിടുകയായിരുന്നു. സുരക്ഷാ ഏജൻസി നടത്തിയിരുന്ന ട്രെവർ ഡാൽട്ടൺ ജോൺ അയൽക്കാർക്കും സുഹൃത്തുക്കൾക്കും ഇടയിൽ ‘ജെന്റിൽ ജയന്റ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ കേസിൽ ഉൾപ്പെട്ട കെമ്യാൻ ഫ്രാങ്ക്ലിൻ (20) എന്ന പ്രതിയെ 2024 മെയ് മാസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാനഡയിലെ പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി ബൊലോ പ്രോഗ്രാം നടത്തിയ വലിയ പ്രചാരണങ്ങളുടെ ഫലമായാണ് അറസ്റ്റ് നടന്നത്.
