ന്യൂഡൽഹി: ആരോഗ്യനില മോശമായതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് സോണിയ. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡോ. അരൂപ് ബസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ മാറ്റത്തെത്തുടർന്നുണ്ടായ നേരിയ അസ്വസ്ഥതകളാണ് സോണിയ ഗാന്ധിക്കുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ഈ വർഷം ജനുവരിയിലും സമാനമായ അസ്വസ്ഥതകളാൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവും കാരണമായിരുന്നു അന്ന് ആരോഗ്യം മോശമായത്. 2025 ജൂണിലും ഫെബ്രുവരിയിലും ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 79-കാരിയായ സോണിയ ഗാന്ധി നിലവിൽ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലെത്തി. രാഹുൽ ഗാന്ധി അല്പനേരം അവിടെ ചെലവഴിച്ച ശേഷം മടങ്ങി.
