ദുബായ്: യുഎഇയിൽ മെയ് മാസം ആദ്യം വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശക്തമായ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.
മാർച്ച് പകുതി മുതൽ മെയ് തുടക്കം വരെയുള്ള കാലയളവിൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ സ്വാഭാവികമാണ്. ആഫ്രിക്കയിൽ നിന്ന് അറേബ്യൻ ഉപദ്വീപിലേക്ക് വ്യാപിക്കുന്ന പ്രത്യേക മേഘപാളികൾ കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടാൻ കാരണമായേക്കാം.

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിലും ചിതറിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഏപ്രിൽ മാസത്തിൽ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയ സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ കാറ്റും മിന്നലും ഈ സീസണിന്റെ പ്രത്യേകതയാണ്. മഴ പെയ്യുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
