Tuesday, March 24, 2026

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: കനത്ത ജാഗ്രതയിൽ ബ്രിട്ടിഷ് കൊളംബിയ

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും ചില പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. വടക്കൻ വൻകൂവർ ദ്വീപിൽ, ചൊവ്വാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. പടിഞ്ഞാറൻ വൻകൂവർ ദ്വീപിന്‍റെ തീരപ്രദേശങ്ങളിൽ, മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത്തിലും കാറ്റു വീശുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കൂടാതെ ഉൾനാടൻ വൻകൂവർ ദ്വീപ്, കിഴക്കൻ വൻകൂവർ ദ്വീപ്, സൺഷൈൻ കോസ്റ്റിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ശക്തമായ കാറ്റ് വൈദ്യുതി തടസ്സത്തിനും കാരണമാകും. മെയിൻ ലാൻഡിൽ, വില്യംസ് ലേക്ക്, 100 മൈൽ ഹൗസ്, ഹൈവേ 97, തെക്കും വടക്കും തോംസൺ, നിക്കോള, കോക്വിഹല്ല ഹൈവേ, ഒകനാഗൻ കണക്റ്റർ, ഫ്രേസർ കാന്യോൺ, കിഴക്കൻ ഫ്രേസർ വാലി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും.

അതേസമയം ശക്തമായ പസഫിക് ന്യൂനമർദ്ദത്തെ തുടർന്ന് പോൾസൺ സമ്മിറ്റ് മുതൽ കൂട്ടെനെ പാസ് വരെയുള്ള ഹൈവേ 3, ഈഗിൾ പാസ് മുതൽ റോജേഴ്‌സ് പാസ് വരെയുള്ള ട്രാൻസ്-കാനഡ ഹൈവേ, ടെറ്റ് ജൗൺ കാഷെ മുതൽ ആൽബർട്ട അതിർത്തി വരെയുള്ള യെല്ലോഹെഡ് ഹൈവേ, പൈൻ പാസിലെ ഹൈവേ 97 എന്നിവയുൾപ്പെടെ നിരവധി ഹൈവേകളിൽ കനത്ത മഞ്ഞുവീഴ്ചയാണ് കാലാവസ്ഥ ഏജൻസി പ്രവചിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഈ റൂട്ടുകളിൽ ഏകദേശം 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴുമെന്ന് പ്രതീക്ഷിക്കുന്നു.

കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും യാത്ര ദുഷ്കരമാക്കും. കൂടാതെ ചില സമയങ്ങളിൽ വിസിബിലിറ്റി കുറയുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. പെട്ടെന്ന് മാറുന്നതും വഷളാകുന്നതുമായ കാലാവസ്ഥ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ അനിവാര്യമല്ലാത്ത യാത്രകളും ഔട്ട്ഡോർ പ്രവർത്തനങ്ങളും മാറ്റിവയ്ക്കണം, ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!