ഓട്ടവ: ലാഗ്വർഡ വിമാനാപകടത്തിന് പിന്നാലെ ഇംഗ്ളീഷ് ഭാഷയിൽ മാത്രം അനുശോചന സന്ദേശം നൽകിയ എയർ കാനഡ സി.ഇ.ഒ മൈക്കൽ റൂസോയുടെ നടപടിയിൽ മാനുഷിക പരിഗണനയില്ലെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി കുറ്റപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അഭിസംബോധന ചെയ്ത് സി.ഇ.ഒ പുറത്തിറക്കിയ നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ‘ബോൺജൂർ’ (Bonjour), ‘മെഴ്സി’ (Merci) എന്നീ രണ്ട് ഫ്രഞ്ച് വാക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയെല്ലാം ഇംഗ്ലീഷിലായിരുന്നു. മൺട്രിയോളിൽ നിന്ന് ന്യൂയോർക്കിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലപ്പെട്ട പൈലറ്റുമാരിൽ ഒരാളായ അന്റോയിൻ ഫോറസ്റ്റ് ഉൾപ്പെടെ ഭൂരിഭാഗം യാത്രക്കാരും ഫ്രഞ്ച് സംസാരിക്കുന്ന കനേഡിയൻമാരായിരുന്നു. നമ്മൾ അഭിമാനപൂർവ്വം ജീവിക്കുന്നത് ഒരു ദ്വിഭാഷാ രാജ്യത്താണെന്നും എയർ കാനഡയെപ്പോലുള്ള കമ്പനികൾക്ക് രണ്ട് ഔദ്യോഗിക ഭാഷകളിലും ആശയവിനിമയം നടത്താനുള്ള ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. സി. ഇ.ഒയുടെ നടപടിയിൽ വിവേകശൂന്യതയും സഹാനുഭൂതിയുടെ കുറവുമാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് എയർ കാനഡ ജാസ് വിമാനം ലാഗ്വാർഡിയ റൺവേയിൽ വെച്ച് ഒരു ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പൈലറ്റുമാരായ അന്റോയിൻ ഫോറസ്റ്റ്, മക്കെൻസി ഗുന്തർ എന്നിവർ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് അമേരിക്കൻ അധികൃതരുമായി ചേർന്ന് അന്വേഷണം നടന്നുവരികയാണ്.
സി.ഇ.ഒയുടെ വീഡിയോയുമായി ബന്ധപ്പെട്ട് ഇതിനകം 84 പരാതികളാണ് ഒഫീഷ്യൽ ലാംഗ്വേജ് കമ്മീഷണർക്ക് ലഭിച്ചത്. വിഷയത്തിൽ വിശദീകരണം നൽകാനായി മൈക്കൽ റൂസോയെ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്. 2021-ലും സമാനമായ രീതിയിൽ ഫ്രഞ്ച് ഭാഷയോടുള്ള വിമുഖതയുടെ പേരിൽ റൂസോ വിമർശനം നേരിട്ടിരുന്നു.
