വൻകൂവർ: മെട്രോ വാൻകൂവറിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ ബ്രൺസ്വിക്ക് മൗണ്ടനിൽ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ചൈനീസ് സ്വദേശി മരിച്ചു. ചൈനയിൽ നിന്നുള്ള സന്ദർശകനായ യാൻ സെൻ ആണ് മരിച്ചത്. ശനിയാഴ്ച നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം വൻകൂവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അന്തരിച്ചത്. 14 പേരടങ്ങുന്ന മലകയറ്റ സംഘത്തിലായിരുന്നു യാൻ സെൻ. സംഘത്തിലുണ്ടായിരുന്ന ഒരു യുവതി മഞ്ഞിൽ തെന്നി ഏകദേശം 20 മീറ്ററോളം താഴേക്ക് പതിച്ചു. ഇവരെ സഹായി ക്കാനായി താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യാൻ സെൻ നിയന്ത്രണം വിട്ട് ഏകദേശം 100 മീറ്റർ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ലയൺസ് ബേ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രണ്ട് ഹെലികോപ്റ്ററുകളും സങ്കീർണ്ണമായ റോപ്പ് സിസ്റ്റങ്ങളും ഉപയോഗിച്ചാണ് വൻതാഴ്ചയിൽ നിന്ന് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഒരു വെള്ളച്ചാട്ടത്തിന് തൊട്ടുമുകളിലായാണ് അദ്ദേഹം വീണുകിടന്നിരുന്നത്. യാൻ സെൻ രക്ഷിക്കാൻ ശ്രമിച്ച യുവതി നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. മരണത്തിന് പിന്നാലെ യാൻ സെന്നിന്റെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കാനഡയിൽ താമസക്കാരല്ലാത്തവർക്ക് ചികിത്സാ ചിലവ് വളരെ കൂടുതലാണ്. വൻകൂവർ ജനറൽ ആശുപത്രിയിലെ കണക്കനുസരിച്ച് നോൺ-റെസിഡന്റ്സിന് ഒരു ദിവസത്തെ തീവ്രപരിചരണ വിഭാഗത്തിലെ ചിലവ് മാത്രം ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് വരും.

ഇതിനുപുറമെ ശസ്ത്രക്രിയകൾക്കും ഡോക്ടർമാരുടെ ഫീസിനും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമായി വലിയൊരു തുക കൂടി നൽകേണ്ടി വരും. കുടുംബത്തെ സഹായിക്കുന്നതിനായി പസഫിക് നോർത്ത് വെസ്റ്റ് ഔട്ട്ഡോർ അസോസിയേഷൻ ഓൺലൈൻ വഴി ഫണ്ട് ശേഖരണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ഏകദേശം 44,000 ഡോളർ സമാഹരിച്ചു. വിദേശ രാജ്യങ്ങളിൽ സന്ദർശകരായി എത്തുന്നവർ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മതിയായ ട്രാവൽ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബിസി കൊറോണേഴ്സ് സർവീസ് അറിയിച്ചു.
