ടെഹ്റാൻ: പശ്ചിമേഷ്യയിൽ രൂക്ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ തള്ളി. അമേരിക്കയുടെ പ്ലാൻ അമിതവും യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ തങ്ങൾ മുന്നോട്ടുവെക്കുന്ന അഞ്ച് പ്രധാന നിബന്ധനകൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും നേതാക്കൾക്കും നേരെയുള്ള ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങൾ ഉടൻ നിർത്തണം, ഭാവിയിൽ അമേരിക്കയോ ഇസ്രായേലോ വീണ്ടും യുദ്ധം അടിച്ചേൽപ്പിക്കില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ അന്താരാഷ്ട്ര സുരക്ഷാ സംവിധാനം വേണം, യുദ്ധം മൂലം ഇറാനിലുണ്ടായ വൻ നാശനഷ്ടങ്ങൾക്ക് അമേരിക്ക വ്യക്തമായ നഷ്ടപരിഹാര തുക നൽകണം, ഇറാനിൽ മാത്രമല്ല, മേഖലയിലെ മറ്റ് സഖ്യകക്ഷികൾക്ക് (ഹിസ്ബുള്ള ഉൾപ്പെടെ) നേരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കണം, ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പരമാധികാരം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കണം എന്നിവയാണ് അഞ്ച് ഉപാധികൾ.

അമേരിക്കയുടെ 15 ഇന സമാധാന പദ്ധതിയിൽ ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന കർശന വ്യവസ്ഥയുണ്ടായിരുന്നു. ഇതിനു പകരമായി സാമ്പത്തിക ഉപരോധങ്ങൾ നീക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഈ വ്യവസ്ഥകൾ ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ടെഹ്റാൻ ആരോപിക്കുന്നു.
പാകിസ്ഥാൻ വഴി ട്രംപ് ഭരണകൂടം കൈമാറിയ സന്ദേശത്തിനാണ് ഇറാൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. യുദ്ധം തുടരുന്നത് ആഗോള ഇന്ധന വിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ വീണ്ടും സംഘർഷം കടുക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
