തിരുവനന്തപുരം: തലസ്ഥാനത്തെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഈ വർഷത്തെ നാലാമത്തെ അതിഥിയെത്തി. പത്തുദിവസം പ്രായമുള്ള പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞാണ് ചൊവ്വാഴ്ച രാത്രി 10:20-ഓടെ എത്തിയത്. 3.45 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞിന് ‘ഭൗമിക’ എന്നാണ് സമിതി പേരിട്ടിരിക്കുന്നത്.
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തുന്നത്. ഓറഞ്ച് നിറത്തിലുള്ള കുഞ്ഞുടുപ്പ് ധരിച്ച നിലയിലായിരുന്നു കുഞ്ഞ്. തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു. 2025-ൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി 45 കുട്ടികളെ ലഭിച്ചിരുന്നു. 2026-ൽ ലഭിക്കുന്ന നാലാമത്തെ കുഞ്ഞാണ് ഭൗമിക.

ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
