Monday, June 1, 2026

കാനഡയിലേയ്ക്കുള്ള കുടിയേറ്റം ഇനി അത്ര എളുപ്പമാകില്ല

ഓട്ടവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വരും മാസങ്ങളിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. രാജ്യത്തെ താല്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും തൊഴിൽ വിപണിയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമായി ഇമിഗ്രേഷൻ നിയമങ്ങളിൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് കാനഡ സർക്കാർ നടപ്പിലാക്കുന്നത്.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പെർമനന്റ് റെസിഡൻസി അഥവാ പി.ആർ നൽകുന്നതിൽ കാനഡ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഈ വർഷം വിസകളുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കിയതോടെ അപേക്ഷകർക്കിടയിൽ കടുത്ത മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. ഇതിനൊപ്പം താല്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ശമ്പളമുള്ള ജോലികൾക്കായി വിദേശത്തുനിന്നും ആളുകളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കി.

വിദേശികൾക്ക് പകരം കാനഡയിലുള്ള സ്വദേശികൾക്ക് ജോലി നൽകാൻ കമ്പനികൾക്ക് മേൽ വലിയ സമ്മർദ്ദമാണ് നിലവിലുള്ളത്. വിദ്യാർത്ഥി വിസകളുടെ എണ്ണത്തിലും കനത്ത ഇടിവാണ് പുതിയ പരിഷ്കാരങ്ങളിലൂടെ വരുത്തിയിരിക്കുന്നത്. എന്നാൽ മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് വിദ്യാർത്ഥികൾക്ക് ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം വിദേശ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും പങ്കാളികൾക്ക് നൽകിയിരുന്ന ഓപ്പൺ വർക്ക് പെർമിറ്റുകളുടെ യോഗ്യതകൾ കാനഡ സർക്കാർ വളരെ പരിമിതപ്പെടുത്തുകയും കുട്ടികൾക്ക് നൽകിയിരുന്ന വർക്ക് പെർമിറ്റുകൾ നിർത്തലാക്കുകയും ചെയ്തു.

നിലവിൽ കാനഡയിൽ ജീവിക്കുന്നവർക്കും അവിടെ ജോലി ചെയ്യുന്ന പരിചയസമ്പന്നർക്കും ഇമിഗ്രേഷൻ പ്രക്രിയയിൽ വലിയ മുൻഗണന ലഭിക്കുമെന്നതിനാൽ രാജ്യത്തിന് പുറത്തുനിന്ന് അപേക്ഷിക്കുന്നവർക്ക് പ്രക്രിയ കൂടുതൽ സമയമെടുക്കുന്നതും കഠിനവുമായിരിക്കും. കൂടാതെ ഇമിഗ്രേഷൻ അപേക്ഷകരെ ചതിക്കുഴിയിൽ വീഴ്ത്തുന്ന വ്യാജ കൺസൾട്ടന്റുകളെയും ഏജൻസികളെയും പൂട്ടാൻ കനത്ത പിഴയും നിയമനടപടികളും ഉൾപ്പെടുന്ന പുതിയ റഗുലേഷൻസും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ കാനഡയിൽ ആവശ്യക്കാരുള്ള തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുക, ഭാഷാ പരീക്ഷകളിൽ മികച്ച സ്കോർ നേടുക, പ്രവിശ്യാ ഭരണകൂടങ്ങളുടെ പ്രത്യേക നിയമങ്ങൾ കൃത്യമായി പിന്തുടരുക എന്നിവ മാത്രമാണ് ഇനി കാനഡയിലെത്താൻ അപേക്ഷകർക്ക് മുന്നിലുള്ള വഴി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!