NBA ഫൈനലിൽ നിക്സും സ്പേഴ്സും തമ്മിലുള്ള മൂന്നാം മത്സരം കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാഡിസൺ സ്ക്വയർ ഗാർഡനിലെത്തി. പ്രസിഡന്റിന്റെ സന്ദർശനത്തെത്തുടർന്ന് മാഡിസൺ സ്ക്വയർ ഗാർഡൻ പ്രദേശം അതീവ സുരക്ഷാ വലയത്തിലാണ്. പ്രദേശത്തെ ‘ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചതായി ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റും (NYPD) സീക്രട്ട് സർവീസും അറിയിച്ചു.

മത്സരത്തിന് മുന്നോടിയായി തന്റെ പ്രത്യേക ബോക്സിൽ ട്രംപ് എത്തിച്ചേർന്നു. ട്രംപിന്റെ കൊച്ചുമകൾ കൈ ട്രംപ്, സ്റ്റീവ് വിറ്റ്കോഫ്, ഡാൻ സ്കാവീനോ, ലീ സെൽഡിൻ, സീൻ ഡഫി, ജാരെഡ് കുഷ്നർ തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോടൊപ്പമുണ്ട്.
സുരക്ഷയുടെ ഭാഗമായി ഗാർഡന് ചുറ്റും ഒന്നോ രണ്ടോ ബ്ലോക്ക് ചുറ്റളവിൽ സുരക്ഷാ ബെൽറ്റ് ഒരുക്കിയതായി NYPD കമ്മീഷണർ ജെസീക്ക ടിഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി വെന്യൂവിന് പുറത്ത് നിശ്ചയിച്ചിരുന്ന ആരാധകരുടെ വാച്ച് പാർട്ടി റദ്ദാക്കി. വൈകുന്നേരം നാലു മണി മുതൽ പ്രദേശത്തെ തെരുവുകൾ പോലീസ് അടച്ചു. ടിക്കറ്റുള്ളവർക്കും, ബിസിനസ് ആവശ്യങ്ങൾക്കും, മറ്റ് ഔദ്യോഗിക അനുമതിയുള്ളവർക്കും മാത്രമാണ് ഈ സുരക്ഷാ മേഖലയിലേക്ക് പ്രവേശനം അനുവദിക്കുക.
