എഡ്മിൻ്റൺ : കാനഡയിൽ നിന്ന് ആൽബർട്ടയെ വേർപെടുത്തണമെന്ന ആവശ്യമുന്നയിച്ച വിവാദ ഹർജി കോടതി തള്ളിയതിനെതിരെ ആൽബർട്ട സർക്കാർ അപ്പീൽ സമർപ്പിച്ചു. ഹർജി നിയമപരമായി അസാധുവാണെന്ന് കണ്ടെത്തിയ കോടതി വിധിയെ പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ സർക്കാർ “ജനാധിപത്യ അവകാശങ്ങൾക്കെതിരായ നടപടി” എന്ന വിശേഷണത്തോടെയാണ് ചോദ്യം ചെയ്യുന്നത്. ഹർജി സ്വീകരിക്കുന്നതിന് മുമ്പ് തദ്ദേശീയ ജനവിഭാഗങ്ങളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തിയില്ലെന്നും, നിയമപരമായ നടപടിക്രമങ്ങൾ പൂർണമായി പാലിച്ചില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

എന്നാൽ, വിധിയിൽ ജഡ്ജി പതിനാലോളം ഗുരുതര പിശകുകൾ വരുത്തിയെന്നാണ് സർക്കാരിന്റെ അപ്പീലിൽ ആരോപിക്കുന്നത്. പെറ്റീഷൻ സമർപ്പിക്കൽ തദ്ദേശീയ സമൂഹങ്ങളുമായി നിർബന്ധമായും ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും, ജനങ്ങളുടെ ജനാധിപത്യപരമായ അഭിപ്രായപ്രകടന അവകാശത്തിന് കോടതി വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും സർക്കാർ വാദിക്കുന്നു. ഏകദേശം മൂന്ന് ലക്ഷത്തിലധികം ആളുകൾ ഒപ്പുവെച്ച ഹർജിയാണ് ഇപ്പോൾ നിയമപോരാട്ടത്തിന്റെ കേന്ദ്രബിന്ദു.

ഇതിനിടെ, സർക്കാരിന്റെ അപ്പീൽ നടപടിയെ പ്രതിപക്ഷ നേതാവ് നഷീദ് നെൻഷി ശക്തമായി വിമർശിച്ചു. നികുതിദായകരുടെ പണം ചെലവഴിച്ച് ഇത്തരത്തിലുള്ള നിയമപോരാട്ടങ്ങൾ നടത്തുന്നത് അനാവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ആൽബർട്ട കാനഡയിൽ തുടരണോ എന്ന വിഷയത്തിൽ ഒക്ടോബർ 19-ന് ജനഹിത പരിശോധന നടത്തുമെന്ന നിലപാട് പ്രീമിയർ ഡാനിയൽ സ്മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലെ കോടതി നടപടികൾ തുടരുന്നതിനാൽ ആൽബർട്ടയുടെ വേർപിരിയലിനെക്കുറിച്ചുള്ള നേരിട്ടുള്ള ചോദ്യം ഇപ്പോൾ വോട്ടെടുപ്പിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

