Monday, August 3, 2026

ടൊറന്റോ ഐലന്‍ഡ് ഫെറി ടിക്കറ്റ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

ടൊറന്റോ: ടൊറന്റോ ഐലന്‍ഡിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ ഫെറി ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ടൊറന്റോ സിറ്റി അധികൃതര്‍. ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ച് വ്യാജ ടിക്കറ്റുകള്‍ വില്‍ക്കുന്ന സംഘങ്ങള്‍ സജീവമായതിനെ തുടര്‍ന്നാണ് അധികൃതരുടെ ഈ നടപടി.

ടൊറന്റോ സിറ്റിയുടെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ ഉണ്ടാക്കി ആളുകളെ വഞ്ചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സിലൂടെ (X) പുറത്തുവിട്ട പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. ‘toronto.ca/ferry’ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ യാത്രാ ടിക്കറ്റുകള്‍ വാങ്ങാവൂ എന്നും, ടൊറന്റോ സിറ്റിയുടെ എല്ലാ ഔദ്യോഗിക വെബ്സൈറ്റുകളിലും ‘toronto.ca’ എന്ന് ഉണ്ടായിരിക്കുമെന്നും നഗരസഭ ഓര്‍മ്മിപ്പിച്ചു. ‘toronto-ferryticket.com’ തുടങ്ങിയ വ്യാജ യു.ആര്‍.എല്ലുകള്‍ (URL) ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്.

ഓഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഫെറി യാത്ര സൗജന്യമാക്കിക്കൊണ്ടുള്ള നിര്‍ണ്ണായക പ്രഖ്യാപനത്തിന് പിന്നാലെയാണ് തട്ടിപ്പുസംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ജൂലൈ 30-നാണ് ടൊറന്റോ മേയര്‍ ഒലിവിയ ചൗ, ഡെപ്യൂട്ടി മേയര്‍ അസ്മ മാലിക് എന്നിവര്‍ മുന്നോട്ടുവെച്ച സൌജന്യ യാത്രാ നിര്‍ദ്ദേശത്തിന് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ആയിരക്കണക്കിന് നഗരവാസികളുടെ ആവശ്യ പരിഗണിച്ചാണ് ഓഗസ്റ്റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യ യാത്ര അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഡെവലപ്പര്‍മാരില്‍ നിന്ന് നഗരസഭ ഈടാക്കുന്ന ‘സെക്ഷന്‍ 37’ ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്. കുടുംബങ്ങളും യുവാക്കളും മുതിര്‍ന്ന പൗരന്മാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ടൊറന്റോ ഐലന്‍ഡ് സന്ദര്‍ശിക്കുമെന്നും, നഗരത്തിലെ ഈ മനോഹരമായ പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മേയര്‍ ഒലിവിയ ചൗ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!