Monday, August 3, 2026

ഗോർഡി ഹൗ പാലം ഉപയോഗിച്ചാൽ നടപടി; ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി സ്റ്റെല്ലാന്റിസ്

ഓട്ടവ: കാനഡയിലെ വിൻഡ്സറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന പുതുതായി തുറന്ന ഗോർഡി ഹൗ അന്താരാഷ്ട്ര പാലം ഉപയോഗിക്കരുതെന്ന് ട്രക്ക് ഡ്രൈവർമാർക്ക് നിർദേശം നൽകി വാഹന നിർമാതാക്കളായ സ്റ്റെല്ലാന്റിസ്. നിർദേശം ലംഘിച്ച് പുതിയ പാലം ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്റ്റെല്ലാന്റിസിന്റെ കീഴിലുള്ള എഫ്.സി.എ ട്രാൻസ്പോർട്ട് ട്രക്ക് ഡ്രൈവർമാർക്കാണ് ഈ നിർദേശം ബാധകമാകുന്നത്. പുതിയ ഗോർഡി ഹൗ പാലത്തിന് പകരം നിലവിൽ ഡെട്രോയിറ്റ് നദിക്ക് കുറുകെയുള്ള അംബാസഡർ പാലം തന്നെ ഉപയോഗിക്കണമെന്നാണ് കമ്പനിയുടെ നിർദേശം.

യാത്രാച്ചെലവ് കുറയ്ക്കുന്നതിനായാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി. അംബാസഡർ പാലം ഉപയോഗിക്കുന്നതിനായി സ്റ്റെല്ലാന്റിസിന് പ്രത്യേക നിരക്ക് കരാറുണ്ട്. ഓരോ ട്രക്കിനും പ്രത്യേക ടോൾ നൽകുന്നതിനുപകരം പ്രതിമാസം നിശ്ചിത തുക അടച്ച് പരിധിയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ ഗോർഡി ഹൗ പാലം ഉപയോഗിച്ചാൽ ഓരോ യാത്രയ്ക്കും ടോൾ നൽകേണ്ടിവരുന്നതിനാൽ കമ്പനിക്ക് വർഷംതോറും വലിയ അധികച്ചെലവ് വരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഭാവിയിൽ ആവശ്യമായ സാഹചര്യങ്ങളിൽ ഗോർഡി ഹൗ പാലവും ഉപയോഗിക്കുമെന്ന് സ്റ്റെല്ലാന്റിസ് അറിയിച്ചു. നിലവിൽ കമ്പനിയുടെ ലോജിസ്റ്റിക്‌സ് പ്രവർത്തനങ്ങളിൽ അംബാസഡർ പാലം തന്നെയായിരിക്കും പ്രധാന മാർഗമെന്ന് അധികൃതർ വ്യക്തമാക്കി.

2018-ൽ നിർമാണം ആരംഭിച്ച ഗോർഡി ഹൗ അന്താരാഷ്ട്ര പാലം ജൂലൈ 26-നാണ് പൊതുജനങ്ങൾക്കായി തുറന്നത്. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര-ഗതാഗത മേഖലയിൽ നിർണായക പദ്ധതിയായാണ് പാലം വിലയിരുത്തപ്പെടുന്നത്. നിലവിൽ വലിയ വാണിജ്യ വാഹനങ്ങൾക്ക് ഓരോ ആക്സിലിനും 12 കനേഡിയൻ ഡോളറാണ് ഗോർഡി ഹൗ പാലത്തിൽ ടോൾ ഈടാക്കുന്നത്.

വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വ്യാപാര അതിർത്തികളിലൊന്നായ ഡെട്രോയിറ്റ്–വിൻഡ്സർ ഇടനാഴിയിലെ ഗതാഗത സമ്മർദം കുറയ്ക്കുകയും ചരക്ക് നീക്കം കൂടുതൽ സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗോർഡി ഹൗ പാലം നിർമിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!