Wednesday, August 5, 2026

സ്ത്രീകൾക്കെതിരായ വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി C.P ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെ സംബന്ധിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി പി ജോൺ . അത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും വിഷയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളോട് യാതൊരു വിവേചന മനോഭാവവും ഇല്ലെന്നും ഉയർന്ന വിമർശനങ്ങളെ മാന്യമായി സ്വീകരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി സർക്കാരിന്റെ പ്രധാന ജനക്ഷേമ പദ്ധതികളിലൊന്നാണെന്നും അതിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചുരം മേഖലകളിലേക്ക് കൂടുതൽ പ്രിയദർശിനി ബസുകൾ അനുവദിക്കുമെന്നും ബസ് അപകടമുണ്ടായ നെല്ലിയാമ്പതി റൂട്ടിൽ ഒരു പ്രിയദർശിനി ബസ് കൂടി സർവീസ് ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ മുൻപരാമർശങ്ങൾ വിവാദമായത്.
പൈസ ഇല്ലാത്ത ട്രാൻസ്‌പോർട്ട് ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യസ്‌കൂളുകളിൽ ചേർക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല, പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

ഈ പരാമർശങ്ങൾക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും വനിതാ സംഘടനകളും സാമൂഹിക പ്രവർത്തകരും ശക്തമായ വിമർശനം ഉയർത്തിയിരുന്നു. വിവാദം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി പരാമർശത്തിൽ ഖേദം രേഖപ്പെടുത്തുകയും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!