ടൊറന്റോ: സംഘടിത റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ (Organized Retail Crime) പ്രത്യേക അന്വേഷണ സംഘ രൂപീകരണത്തിന് ശേഷം അഞ്ചൂറിലധികം ആളുകളെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പോലീസ് . രൂപീകരിച്ച് രണ്ടു വര്‍ഷത്തിനിടയില്‍ നാലായിരത്തിലധികം (4,000) കേസുകള്‍ ചാര്‍ജ് ചെയ്തതായി പോലീസിന്റെ 23-ാം ഡിവിഷന് നേതൃത്വം നല്‍കുന്ന സൂപ്രണ്ട് റോണ്‍ ടാവര്‍ണര്‍ (Ron Taverner) വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏകദേശം 1.6 ദശലക്ഷം കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള മോഷ്ടിക്കപ്പെട്ട സാധനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലാണ് ഈ നടപടികള്‍. ഒരു അന്വേഷണത്തില്‍ മാത്രം 20 പേരെ അറസ്റ്റ് ചെയ്യുകയും 400-ലധികം കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തതായി ടാവര്‍ണര്‍ പറഞ്ഞു. കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും, മോഷ്ടിച്ച സാധനങ്ങള്‍ വിറ്റഴിക്കുന്ന വന്‍ സംഘടിത കുറ്റകൃത്യ ശൃംഖലകളുമായി ബന്ധമുള്ളവരുമാണെന്ന് പോലീസ് വ്യക്തമാക്കി.

റീട്ടെയില്‍ മോഷണങ്ങള്‍ നിസ്സാര കുറ്റകൃത്യങ്ങളല്ലെന്നും ഇത് പ്രതിവര്‍ഷം വ്യാപാരികള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ടാവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
