Thursday, August 6, 2026

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: P.S പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേർക്കും; അന്വേഷണം ഊർജിതമാക്കി വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിലെ മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രതിചേർക്കാൻ തീരുമാനം. അടുത്തിടെ അന്തരിച്ച മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം. ക്രമക്കേട് ആരോപിക്കപ്പെടുന്ന നെയ്യ് ഇടപാടിന് നേതൃത്വം നൽകിയവരെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് പ്രതിചേർക്കൽ നടപടികളിലേക്ക് കടക്കുന്നത്. പി എസ് പ്രശാന്ത്, അജികുമാർ, മുരാരി ബാബു എന്നിവർ ശബരിമല സ്വർണക്കൊള്ള കേസിലും പ്രതികളാണ്.

കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിലെ നെയ്യ് വാങ്ങൽ ഇടപാടുകളാണ് അന്വേഷണവിധേയമായിരിക്കുന്നത്. മിൽമയിൽ നിന്ന് ഏകദേശം ഒന്നരലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതിൽ ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തതായും, യഥാർഥ നെയ്യ് മറിച്ചുവിറ്റതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പരാതിയുണ്ട്. കൂടാതെ വിപണിവിലയേക്കാൾ ഉയർന്ന നിരക്കിൽ നെയ്യ് വാങ്ങിയതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഏകദേശം 2.30 കോടി രൂപയുടെ നഷ്ടമുണ്ടായോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. എസ്പി എം.ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡിവൈഎസ്പി സി.എസ്. ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് ഇൻസ്പെക്ടർമാരായ എ. എസ്. സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി. ആർ. കിരൺ, ആർ. എസ്. രതീന്ദ്രകുമാർ എന്നിവരും സംഘത്തിലുണ്ട്.

ശബരിമല മിൽമ നെയ്യ് ക്രമക്കേട് പ്രഥമദൃഷ്ട്യാ ഗുരുതരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, അന്വേഷണം സുതാര്യമായും സമയബന്ധിതമായും പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയുടെ അനുമതിയോടെ സമർപ്പിക്കണമെന്നും അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് വിതരണം ചെയ്ത മിൽമ നെയ്യ് മറിച്ചുവിറ്റെന്ന സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കേസിലെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!