ബ്രിട്ടീഷ് കൊളംബിയയിൽ അതിവേഗം പടരുന്ന കാട്ടുതീയുടെ പശ്ചാത്തലത്തിൽ പ്രവിശ്യാ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കൻ ഇന്റീരിയർ മേഖലയിലെ Bald Range wildfire അതിവേഗം വ്യാപിച്ചതിനെ തുടർന്ന് Summerland, Peachland ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് 20,000-ത്തിലധികം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ഒറ്റ രാത്രിക്കിടെ തീ ഏകദേശം 9,500 ഹെക്ടറിലേക്ക് വ്യാപിച്ചതായാണ് റിപ്പോർട്ട്. തീ നിയന്ത്രണാതീതമായി തുടരുന്നതിനിടെ വീടുകൾക്കും മറ്റ് സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടായതായി ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. തീയുടെ തീവ്രത വളരെ വേഗത്തിൽ മാറിയതിനാൽ ചിലർ പ്രദേശത്ത് കുടുങ്ങുകയും രക്ഷാപ്രവർത്തകരുടെ സഹായം തേടേണ്ടി വരികയും ചെയ്തു.

തീപിടിത്തം സ്വന്തം കാലാവസ്ഥാ സാഹചര്യം സൃഷ്ടിക്കുന്ന തരത്തിൽ ശക്തമാണെന്നും ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ പടരുന്നതിന് കാരണമാകുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പ്രവിശ്യയിലുടനീളം 100-ലധികം കാട്ടുതീകൾ സജീവമാണെന്നും അവയിൽ ഏകദേശം പകുതിയോളം നിയന്ത്രണാതീതമാണെന്നും റിപ്പോർട്ടുകളുണ്ട്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രക്ഷാപ്രവർത്തനങ്ങളും വിഭവങ്ങളുടെ ഏകോപനവും കൂടുതൽ ശക്തമാക്കാൻ സർക്കാരിന് അധിക അധികാരങ്ങൾ ലഭിക്കും. ഒഴിപ്പിക്കപ്പെട്ടവർ Penticton, Kelowna തുടങ്ങിയ സമീപ നഗരങ്ങളിലേക്ക് മാറിയിട്ടുണ്ട്. Summerland മേഖലയിൽ വൈദ്യുതി തടസ്സവും വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

