ഓട്ടവ: കാനഡയിലെ അമേരിക്കന്‍ അംബാസഡര്‍ പീറ്റ് ഹോക്സ്ട്രയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും നയതന്ത്ര ആനുകൂല്യങ്ങള്‍ റദ്ദാക്കി ‘പെര്‍സോണ നോണ്‍ ഗ്രാറ്റ’ ആയി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഭീമഹര്‍ജി. ഏകദേശം മുപ്പതിനായിരത്തോളം കനേഡിയന്‍ പൗരന്മാരാണ് ഹര്‍ജി ഒപ്പിട്ട് നല്‍കിയത്. നയതന്ത്ര മര്യാദകള്‍ ലംഘിച്ച് കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും നയതന്ത്ര കാര്യങ്ങളിലും നിരന്തരം ഇടപെടുന്നു എന്ന് ആരോപിച്ചാണ് ഇത്തരമൊരു നീക്കം. വരും ശരത്കാല സമ്മേളനത്തില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ഗ്രീന്‍ പാര്‍ട്ടി നേതാവ് എലിസബത്ത് മേയ് ഈ ഹര്‍ജി ഔദ്യോഗികമായി സമര്‍പ്പിക്കും.
ഡോണള്‍ഡ് ട്രംപ് ഭരണകൂടം കാനഡയെ അമേരിക്കയുടെ ഭാഗമാക്കുമെന്ന ഭീഷണികളെ ഹോക്സ്ട്ര ന്യായീകരിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ചര്‍ച്ച നടത്തുന്നത് നന്നായിരിക്കുമെന്ന ഹൂക്സ്ട്രയുടെ പരാമര്‍ശമാണ് പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍, തന്റെ പ്രസിഡന്റിന്റെ നിലപാടുകള്‍ വ്യക്തമാക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നാണ് ഹോക്സ്ട്രയുടെ വിശദീകരണം.

യു.എസ് നയതന്ത്രജ്ഞര്‍ കനേഡിയന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഒരു പാര്‍ലമെന്ററി കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കാല്‍ഗറി സ്വദേശിയായ ഒരു വനിത ആരംഭിച്ച ഈ ഓണ്‍ലൈന്‍ ഹര്‍ജിയില്‍ ഇതിനകം 29,000-ത്തിലധികം ആളുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഗ്രീന്‍ പാര്‍ട്ടി നേതാവ് എലിസബത്ത് മെയ് വഴിയാണ് ഹര്‍ജി പാര്‍ലമെന്റില്‍ (ഹൗസ് ഓഫ് കോമണ്‍സ്) സമര്‍പ്പിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ വിയന്ന കണ്വെന്ഷന് നിയമപ്രകാരം ഒരു വിദേശ നയതന്ത്രജ്ഞന്റെ പരിരക്ഷ റദ്ദാക്കി രാജ്യത്തുനിന്ന് തിരിച്ചയക്കാന്‍ അധികാരം നല്കുന്ന നടപടിയാണ് ‘പെര്‍സോണ നോണ്‍ ഗ്രാറ്റ’. 2023-ല്‍ എം.പി മൈക്കല്‍ ചോങ്ങിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതിന് ചൈനീസ് നയതന്ത്രജ്ഞന് ഷാവോ വെയെയും, 2024-ല്‍ സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു.
