ടൊറന്റോ: ഒന്റാരിയോയിലെ മെഡിക്കൽ സ്പാകളിൽ ബോട്ടോക്സ്, ഡെർമൽ ഫില്ലർ തുടങ്ങിയ സൗന്ദര്യ ചികിത്സകൾ നൽകുന്ന നഴ്സുമാർക്കായി കൂടുതൽ കർശനമായ മാർഗനിർദ്ദേശങ്ങളുമായി ഒന്റാരിയോ നഴ്സസ് കോളേജ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയും ചികിത്സാ സേവനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യുകയാണ് പുതിയ നിർദേശങ്ങളുടെ പ്രധാന ലക്ഷ്യം.

‘മാസ്റ്റർ ഇൻജക്ടർ’, ‘ഹെഡ് എസ്തറ്റീഷ്യൻ’ തുടങ്ങിയ പദവികൾ മെഡിക്കൽ സ്പാകളുടെ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തരം വിശേഷണങ്ങൾ രോഗികളിൽ ചികിത്സ നൽകുന്ന വ്യക്തിയുടെ യോഗ്യതയെയും ചികിത്സയുടെ ഫലപ്രാപ്തിയെയും കുറിച്ച് അമിതമായ പ്രതീക്ഷകൾ സൃഷ്ടിക്കാമെന്ന ആശങ്കയാണ് ഉയരുന്നത്.

അനുയോജ്യമായ മേൽനോട്ടമില്ലാതെ ചികിത്സകൾ നൽകുന്ന രീതികൾക്കും പുതിയ മാർഗനിർദ്ദേശങ്ങൾ കൂടുതൽ ശ്രദ്ധ നൽകുന്നു. ബോട്ടോക്സ്, ഫില്ലർ ഉൾപ്പെടെയുള്ള ഇൻജക്ഷൻ ചികിത്സകൾ സുരക്ഷിതമായ രീതിയിൽ നടത്തുന്നതിനും രോഗികൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.

സൗന്ദര്യ ചികിത്സാ മേഖല അതിവേഗം വളരുന്ന സാഹചര്യത്തിൽ നഴ്സുമാരുടെ പ്രൊഫഷണൽ ഉത്തരവാദിത്തവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
