ടൊറന്റോ: കനേഡിയൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളും രാജ്യത്തിന്റെ സുപ്രധാന ഡിജിറ്റൽ ഡാറ്റയും അമേരിക്കൻ നിയന്ത്രണത്തിലേക്ക് പോകുന്നത് തടയാൻ ഒന്റാറിയോയിൽ കൂടുതൽ ഡാറ്റാ കേന്ദ്രങ്ങൾ നിർമ്മിക്കേണ്ടത് അനിവാര്യമാണെന്ന് പ്രീമിയർ ഡഗ് ഫോർഡ് മുന്നറിയിപ്പ് നൽകി.

ഒന്റാറിയോ മുനിസിപ്പാലിറ്റികളുടെ സംഘടനയായ AMOയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫോർഡ്. ഡാറ്റാ ഇൻഫ്രാസ്ട്രക്ചറിൽ ആവശ്യമായ നിക്ഷേപം നടത്തുന്നതിൽ കാനഡ പരാജയപ്പെട്ടാൽ, രാജ്യത്തെ നിർണായക ഡിജിറ്റൽ വിവരങ്ങൾ അമേരിക്കൻ കമ്പനികളുടെയും സംവിധാനങ്ങളുടെയും നിയന്ത്രണത്തിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കാനഡയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പരമാധികാരം സംരക്ഷിക്കുന്നതിന് സ്വന്തം രാജ്യത്ത് ഡാറ്റ സംഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശേഷി വർധിപ്പിക്കണമെന്നും ഫോർഡ് ആവശ്യപ്പെട്ടു. കനേഡിയൻ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പുതിയ ഡാറ്റാ കേന്ദ്രങ്ങൾ പ്രവിശ്യയിൽ നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

