Monday, August 17, 2026

ഫംഗസ് രോഗങ്ങൾ വ്യാപകം; കാനഡയിലെ കാർഷിക മേഖലയിൽ ആശങ്ക ശക്തം

വിനിപെഗ്: കൊയ്ത്ത് സീസൺ അടുത്തെത്തിയിരിക്കെ കാനഡയിലെ കർഷകർക്ക് കനത്ത വെല്ലുവിളിയായി വ്യാപകമായ വിളരോഗങ്ങൾ. ഈ ദശകത്തിലെ ആദ്യത്തെ അത്യധികം ഈർപ്പമുള്ള വർഷമാണ് ഇത്തവണ കാനഡയിൽ അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ഡുറം ഗോതമ്പ്, സ്പ്രിങ് ഗോതമ്പ്, കനോല, പയർവർഗ വിളകൾ എന്നിവയിൽ ഫംഗസ് രോഗങ്ങൾ വ്യാപകമായതായി റിപ്പോർട്ട്.

അമിതമായ മഴയും ഈർപ്പവും നിറഞ്ഞ മണ്ണും തുടർന്ന് അനുഭവപ്പെട്ട ചൂടും ഈർപ്പമുള്ള കാലാവസ്ഥയുമാണ് രോഗവ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. കാനഡ ലോകത്തെ പ്രധാന കനോല, ഡുറം ഗോതമ്പ്, ഉണക്കപ്പയർ, ഓട്സ് കയറ്റുമതി രാജ്യങ്ങളിലൊന്നായതിനാൽ രോഗബാധ വിളകളുടെ അളവിനെയും ഗുണനിലവാരത്തെയും ബാധിക്കുമോയെന്ന ആശങ്കയും ശക്തമാണ്.

കുമിൾനാശിനിക്ക് വൻ ചെലവ്

സസ്കാച്വാനിലെ കർഷകനായ ജേക്ക് ലെഗ്യൂ ഏകദേശം 19,000 ഏക്കറിൽ വിവിധ വിളകൾ കൃഷി ചെയ്യുന്നു. ഇത്തവണ വിളകളെ സംരക്ഷിക്കാൻ ഏക്കറിന് 6 മുതൽ 20 ഡോളർ വരെ കുമിൾനാശിനിക്കായി ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു.

വിളകളിൽ പ്രതീക്ഷിച്ച ലാഭം ലഭിക്കാത്ത സാഹചര്യത്തിലും രോഗനിയന്ത്രണത്തിനായി അധിക തുക മുടക്കേണ്ടിവരുന്നത് കർഷകരുടെ സാമ്പത്തിക സമ്മർദം വർധിപ്പിക്കുകയാണ്.

പ്രധാന വിളകൾക്ക് വിവിധ രോഗങ്ങൾ

ഡുറം, സ്പ്രിങ് ഗോതമ്പ് എന്നിവയ്ക്ക് ഫ്യൂസേറിയം ഹെഡ് ബ്ലൈറ്റ് പോലുള്ള രോഗങ്ങളാണ് ഭീഷണി. കനോലയിൽ സ്ക്ലെറോട്ടിനിയ, ബ്ലാക്ക്‌ലെഗ് തുടങ്ങിയ രോഗങ്ങളും പയർവർഗ വിളകളിൽ വിവിധ ഫംഗസ് രോഗങ്ങളും വ്യാപിക്കുന്നതായി കാർഷിക വിദഗ്ധർ പറയുന്നു.

മാനിറ്റോബയിലെ റെഡ് റിവർ വാലി മേഖലയിലെ പല കർഷകരും രോഗനിയന്ത്രണത്തിനായി കുമിൾനാശിനി പ്രയോഗിച്ചിട്ടുണ്ടെന്ന് വിള ഉപദേശകനായ ബ്രൂണൽ സബൂറിൻ പറഞ്ഞു. തുടർച്ചയായ മഴയും അമിതമായ ഈർപ്പവും കണക്കിലെടുക്കുമ്പോൾ വിളസംരക്ഷണ നടപടികൾ അനിവാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിളയുടെ യഥാർഥ സ്ഥിതി കൊയ്ത്തോടെ മാത്രമറിയാം

രോഗനിയന്ത്രണത്തിനായി കർഷകർ നടത്തിയ നിക്ഷേപം ഫലപ്രദമായോ എന്നത് ഇപ്പോൾ വ്യക്തമല്ല. വിളകളുടെ പുറംഭാഗം മികച്ച നിലയിലാണെങ്കിലും ധാന്യങ്ങളുടെയും കായ്കളുടെയും ഉള്ളിൽ രോഗബാധയുണ്ടോയെന്ന് കൊയ്ത്ത് ആരംഭിച്ച ശേഷമേ വ്യക്തമായി അറിയാൻ കഴിയൂ.

അതുകൊണ്ടുതന്നെ ഇത്തവണ കാനഡയുടെ പ്രധാന കാർഷിക കയറ്റുമതി വിളകളുടെ ഉൽപാദനവും ഗുണനിലവാരവും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കൊയ്ത്ത് പൂർണതോതിൽ ആരംഭിക്കുന്നതോടെ മാത്രമേ രോഗബാധയുടെ യഥാർഥ ആഘാതം വ്യക്തമാകൂ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!