Tuesday, August 18, 2026

ഷെഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെ രാജ്യവ്യാപക നടപടി; 14 സംസ്ഥാനങ്ങളിൽ 253 പേർ പിടിയിൽ

ഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടതായി അന്വേഷണ ഏജൻസികൾ ആരോപിക്കുന്ന പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഷെഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെ സുരക്ഷാ ഏജൻസികളുടെ വൻ നടപടി. 14 സംസ്ഥാനങ്ങളിലായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ 253 പേരെ പിടികൂടിയതായി റിപ്പോർട്ടുകൾ. 80-ലധികം എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 12-ന് നടന്ന നടപടിയിൽ യുപിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്-62 പേർ. ഹരിയാണയിൽ 52, ഡൽഹിയിൽ 51, പഞ്ചാബിൽ 44, രാജസ്ഥാനിൽ 15, മഹാരാഷ്ട്രയിൽ എട്ട്, ഉത്തരാഖണ്ഡിൽ അഞ്ച് പേർ വീതവും പിടിയിലായി. കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിൽ മൂന്ന് പേരും തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ രണ്ട് പേരും വീതം പിടിയിലായതായി റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരരെ മാത്രം ആശ്രയിക്കുന്നതിനുപകരം പ്രാദേശിക യുവാക്കളെ ഉൾപ്പെടുത്തി ശൃംഖല വിപുലീകരിക്കുകയായിരുന്നു ഭട്ടിയുടെ സംഘമെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. സാമൂഹിക മാധ്യമങ്ങളിലൂടെയും സാമ്പത്തിക പ്രലോഭനങ്ങളിലൂടെയും യുവാക്കളെ സമീപിച്ച് റിക്രൂട്ട് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

പോലീസ്, പ്രതിരോധ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിരീക്ഷണം നടത്താനും വിവരങ്ങൾ ശേഖരിക്കാനും പ്രാദേശിക ഏജന്റുമാരെ ഉപയോഗിച്ചിരുന്നതായും ഏജൻസികൾ ആരോപിക്കുന്നു. ഗ്രനേഡ് ആക്രമണം, ഐ.ഇ.ഡി. സ്ഫോടനം, പെട്രോൾ ബോംബ് ആക്രമണം, ലക്ഷ്യമിട്ട കൊലപാതകങ്ങൾ തുടങ്ങിയവയ്ക്കുള്ള പദ്ധതികളാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

നടപടികൾക്കിടെ ഐ.ഇ.ഡികൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ, നിരീക്ഷണത്തിനായി ഉപയോഗിച്ച സി.സി.ടി.വി. ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഭട്ടിയുമായി ബന്ധപ്പെട്ട കേസുകളിൽ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം തുടരുകയാണ്. ജൂണിൽ പഞ്ചാബിലും ഹരിയാനയിലുമായി 18 സ്ഥലങ്ങളിൽ എൻ.ഐ.എ. പരിശോധന നടത്തി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു.

പാകിസ്താൻ ആസ്ഥാനമായ ഭീകര-ഗുണ്ടാ ശൃംഖലയുമായി ബന്ധപ്പെട്ട് ഭട്ടി ഇന്ത്യയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി വിവിധ അന്വേഷണ ഏജൻസികൾ നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!