ടൊറന്റോ: ഒന്റാരിയോയിലെ നിരവധി പ്രധാന ഹൈവേകളിൽ വേഗപരിധി 110 കിലോമീറ്റർ ആയി ഉയർത്തി. വെള്ളിയാഴ്ച മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ വന്നതോടെ ഹൈവേ 400ന്റെ ചില ഭാഗങ്ങളും പുതിയ പരിധിയിൽ ഉൾപ്പെട്ടു.
സെപ്റ്റംബർ അവസാനത്തോടെ പ്രവിശ്യയിലെ ഏകദേശം 89 ശതമാനം ഹൈവേകളിലും 110 കിലോമീറ്റർ വേഗപരിധി നിലവിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

യാത്രാസമയം കുറയ്ക്കുന്നതിനും ഹൈവേകളിലെ ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനുമാണ് വേഗപരിധി ഉയർത്തുന്നതെന്ന് പ്രവിശ്യാ സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ വേഗത കൂടുന്നതോടെ റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്.

പുതിയ വേഗപരിധി നിലവിൽ വന്ന സാഹചര്യത്തിൽ ഡ്രൈവർമാർ റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് സുരക്ഷിതമായ വേഗത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വേഗപരിധി ഉയർത്തിയാലും പ്രതികൂല കാലാവസ്ഥ, റോഡ് നിർമാണം, തിരക്ക് തുടങ്ങിയ സാഹചര്യങ്ങളിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

