ഓട്ടവ : കനേഡിയൻ വ്യവസായങ്ങളെ തകർക്കാനുള്ള ശ്രമമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ വ്യാപാരനയങ്ങളെന്ന് ആരോപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവകൾക്ക് മറുപടിയായി കാനഡയുടെ പ്രത്യാക്രമണ നടപടികൾ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കാർണി വ്യക്തമാക്കി. ഇതോടെ കാനഡ-അമേരിക്ക വ്യാപാരബന്ധം കൂടുതൽ സംഘർഷഭരിതമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
കാനഡയുടെ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ മത്സരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് പുതിയ തീരുവകളുടെ ലക്ഷ്യമെന്നായിരുന്നു കാർണിയുടെ വിമർശനം. ഓട്ടോമൊബൈൽ, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളെ പുതിയ വ്യാപാര നിയന്ത്രണങ്ങൾ സാരമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. വ്യാപാര ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായത്.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തിരിച്ചടിയായി കാനഡയും പുതിയ തീരുവകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിലൂടെ കാനഡയിലെത്തുന്ന അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വില ഉയരാനും ഉപഭോക്താക്കളിലും വ്യവസായ മേഖലയിലും പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വ്യാപാര തർക്കം ദീർഘകാലം തുടർന്നാൽ ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, വടക്കേ അമേരിക്കൻ വിതരണ ശൃംഖലകളെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാനഡയും അമേരിക്കയും തമ്മിലുള്ള ദശകങ്ങളായുള്ള വ്യാപാര ബന്ധത്തിന് പുതിയ പരീക്ഷണമായി മാറുകയാണ് നിലവിലെ സാഹചര്യം.
