നോര്‍ത്തേണ്‍ ഒന്റാരിയോ: ഹൈവേ 11, 17 എന്നിവയിലെ സുരക്ഷാ പ്രശ്‌നങ്ങളും പാതകളുടെ ആധുനികവല്‍ക്കരണവും സംബന്ധിച്ച് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. തണ്ടര്‍ ബേയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് വടക്കന്‍ മേഖലയിലെ ഹൈവേ സംവിധാനം വീതികൂട്ടുന്നതിനും ഇരട്ടിപ്പിക്കുന്നതിനുമായി ഫെഡറല്‍ സര്‍ക്കാര്‍ പ്രവിശ്യാ സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
വടക്കന്‍ ഒന്റാരിയോയിലെ റോഡുകളുടെ വികസനം പ്രവിശ്യാ-ഫെഡറല്‍ സര്‍ക്കാരുകളുടെ മുന്‍ഗണനാ വിഷയമായി മാറണമെന്ന് കാര്‍ണി ചൂണ്ടിക്കാട്ടി. ഈ പാതകളില്‍ അപകടങ്ങളും മരണങ്ങളും പതിവാകുന്നത് വലിയ ആശങ്കയുയര്‍ത്തുന്നുണ്ട്. പ്രതിദിനം 200 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള സാധനസാമഗ്രികള്‍ കടത്തിവിടുന്നതും, പ്രതിദിനം പതിനായിരത്തോളം ട്രക്കുകള്‍ കടന്നുപോകുന്നതുമായ ഈ പ്രധാന പാതകള്‍ അടച്ചിടുന്നത് ഖനന മേഖലയ്ക്ക് ദിവസം 10 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു. 2026 ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 1 വരെയുള്ള കാലയളവില്‍ മാത്രം ഹൈവേ 11, 17 കളിലുണ്ടായ അപകടങ്ങളില്‍ 30 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

റോഡ് വികസനത്തിന്റെ ചെലവിന്റെ 50 ശതമാനം വഹിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് ഓട്ടവയുടെ വ്യക്തമായ പരസ്യ പിന്തുണയാണ് ഒന്റാരിയോ ആവശ്യപ്പെടുന്നത്. നിലവില്‍ നോര്‍ത്ത് ബേയ്ക്ക് വടക്കായി നടപ്പിലാക്കുന്ന 2+1 ഹൈവേ പൈലറ്റ് പ്രോജക്റ്റ് അപകടനിരക്ക് 55 മുതല്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതോടൊപ്പം ഹൈവേകള്‍ ഇരട്ടിപ്പിക്കുന്നതടക്കമുള്ള ദീര്‍ഘകാല പദ്ധതികള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യം.
