ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിനെ ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. കടലിടുക്കിന് പുറത്ത് ‘നോ-ഗോ സോൺ’ പ്രഖ്യാപിക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഈ മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകളെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇനി ആനുപാതിക പ്രതികരണത്തിന്റെ കാലം കഴിഞ്ഞെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പ്രതികരിച്ചു. മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണ് ഇതോടെ ഉയരുന്നത്.

അതേസമയം, ആക്രമണം തുടരുകയാണെങ്കിൽ ഇറാന്റെ എണ്ണക്കപ്പലുകൾ തകർക്കുമെന്ന ഭീഷണിയുമായി അമേരിക്കയും രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലെ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ സൗദി അറേബ്യയും തുർക്കിയും അടിയന്തര നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഇസ്രായേലും വ്യക്തമാക്കി. ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ അന്താരാഷ്ട്ര സമൂഹവും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
