തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി നിലവിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സെപ്റ്റംബർ 10ഓടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത.
കേരളത്തിൽ സെപ്റ്റംബർ 9 മുതൽ 13 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും സെപ്റ്റംബർ 12ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും.

അതേസമയം, സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയ നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
