വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നിലനിർത്തുകയാണെങ്കിൽ, അമേരിക്കയിലെ പ്രായ പൂർത്തി ആയ പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ കാലയളവിനിടെ പാർട്ടി നടത്തിയ കൺവെൻഷനിലാണ് ട്രംപ് പുതിയ സാമ്പത്തിക വാഗ്ദാനം മുന്നോട്ടുവച്ചത്.

പദ്ധതിക്കായി ആവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്നോ, ആനുകൂല്യം ലഭിക്കുന്നതിനുള്ള കൃത്യമായ പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചോ ട്രംപ് വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. ലഭിക്കുന്ന പണം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ തന്നെ ചെലവഴിക്കണമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകളിൽനിന്നുള്ള വരുമാനം പദ്ധതിക്ക് ഉപയോഗിക്കാമെന്ന സൂചന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നൽകിയിട്ടുണ്ട്.

എന്നാൽ പ്രഖ്യാപനത്തിന്റെ സാമ്പത്തികവും നിയമപരവുമായ സാധ്യതകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അർഹരായ മുതിർന്ന പൗരന്മാരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ പദ്ധതിക്ക് ട്രില്യൺ ഡോളറിലധികം ചെലവ് വരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടെയുള്ള വിമർശകർ പ്രഖ്യാപനത്തെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യാഥാർഥ്യബോധമില്ലാത്ത വാഗ്ദാനമായി വിശേഷിപ്പിച്ചു. പദ്ധതി നടപ്പാക്കാൻ കോൺഗ്രസിന്റെ അനുമതിയും ആവശ്യമായേക്കുമെന്നതിനാൽ, പ്രഖ്യാപനം രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

