ഓട്ടവ: ബോക്സിങ് ലോകത്തെ ഇതിഹാസ താരവും കനേഡിയന്‍ ഹെവിവെയ്റ്റ് ബോക്സറുമായ ജോര്‍ജ്ജ് ചുവാളോ (89) അന്തരിച്ചു. തന്റെ നീണ്ട പ്രൊഫഷണല്‍ കരിയറില്‍ ലോകോത്തര ബോക്സര്‍മാരുമായി ഏറ്റുമുട്ടിയിട്ടും ഒരിക്കല്‍ പോലും റിങില്‍ വീണുപോയിട്ടില്ലാത്ത (നോക്ക് ഡൗണ്‍ ആയിട്ടില്ലാത്ത) വ്യക്തിയെന്ന അപൂര്‍വ്വ ഖ്യാതി കരസ്ഥമാക്കിയ വ്യക്തിയാണ് അദ്ദേഹം.
തന്റെ 17-ാം വയസ്സില്‍ കനേഡിയന്‍ അമച്വര്‍ ചാമ്പ്യനായ അദ്ദേഹം, ഏകദേശം 20 വര്‍ഷത്തോളം ദേശീയ പ്രൊഫഷണല്‍ ടൈറ്റില്‍ സ്വന്തമാക്കി വെക്കുകയും ലോക റാങ്കിങില്‍ രണ്ടാം സ്ഥാനം വരെ എത്തുകയും ചെയ്തിരുന്നു. 1956 മുതല്‍ 1978 വരെയുള്ള തന്റെ പ്രൊഫഷണല്‍ കരിയറില്‍ 73 വിജയങ്ങളും (64 നോക്കൗട്ടുകള്‍) 18 തോല്‍വികളും 2 സമനിലകളും അദ്ദേഹം നേടി.

മുഹമ്മദ് അലിയുമായുള്ള രണ്ട് ചരിത്ര പോരാട്ടങ്ങളാണ് ചുവാളോയുടെ കരിയറിനെ കൂടുതല്‍ പ്രശസ്തമാക്കിയത് (1966-ല്‍ ടൊറന്റോയിലും 1972-ല്‍ വാന്‍കൂവറിലും). അന്നത്തെ ഏറ്റവും പ്രഗത്ഭനായ മുഹമ്മദ് അലിക്കെതിരെ 15 റൗണ്ടും ഉറച്ചുനിന്ന് പോരാടാന്‍ ചുവാളോയ്ക്കായി. ജോ ഫ്രേസിയര്‍, ജോര്‍ജ്ജ് ഫോര്മാന്, ഫ്ലോയ്ഡ് പാറ്റേഴ്സണ്‍ തുടങ്ങിയ ബോക്സിങ് ലോകത്തെ വന്മരങ്ങളോട് അദ്ദേഹം ഏറ്റുമുട്ടിയിട്ടുണ്ട്.
റിങില്‍ അദ്ദേഹം തിളങ്ങിനിന്നെങ്കിലും ചുവാളോയുടെ വ്യക്തിജീവിതം ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു. ലഹരിമരന്ന് ഉപയോഗം മൂലം അദ്ദേഹത്തിന് തന്റെ മൂന്ന് ആണ്മക്കളെയും ഭാര്യയെയും നഷ്ടപ്പെട്ടു. പിന്നീട് ലഹരിമരുന്നുകള്‍ക്കെതിരെയുള്ള പ്രചാരണങ്ങളിലും സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു. ‘ഓര്‍ഡര്‍ ഓഫ് കാനഡ’ ഉള്‍പ്പെടെയുള്ള നിരവധി പ്രശസ്ത പുരസ്കാരങ്ങള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
