ടൊറന്റോ: കൃത്രിമ ബുദ്ധിയുടെ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന ഊർജ ഉപഭോഗം പരിഗണിച്ച് ഡാറ്റാ സെന്ററുകൾക്ക് ഒരു വർഷത്തേക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മിസ്സിസാഗ സിറ്റി കൗൺസിൽ ഇന്ന് വോട്ടെടുപ്പ് നടത്തും.
10 മെഗാവാട്ടിന് മുകളിൽ വൈദ്യുതി ആവശ്യമായ ഡാറ്റാ സെന്ററുകൾക്ക് നഗരതലത്തിൽ നിർദേശിക്കുന്ന മൊറട്ടോറിയം ബാധകമാകും. ഊർജം വലിയ തോതിൽ ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകൾക്ക് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പഠിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അമേരിക്ക ആസ്ഥാനമായ പ്രമുഖ കമ്പനിയായ പ്രൊലോജിസ് മിസിസാഗയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ബിസിനസ് പാർക്കിൽ രണ്ട് നിലകളുള്ള ഡാറ്റാ സെന്റർ സ്ഥാപിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് കൗൺസിലിന്റെ തീരുമാനം.

പ്രാദേശിക നിയമനിർമാതാക്കളുടെ സമ്മർദത്തെ തുടർന്ന് ഡാറ്റാ സെന്ററുകൾ അവരുടെ മുഴുവൻ വൈദ്യുതി ചെലവും വഹിക്കണമെന്നും മറ്റ് വ്യാവസായിക ഉപഭോക്താക്കളേക്കാൾ ഉയർന്ന നിരക്ക് ഈടാക്കാൻ കഴിയണമെന്നും നിർദേശിക്കുന്ന കരട് ചട്ടക്കൂട് ഒന്റാരിയോ സർക്കാർ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.
ഒന്റാരിയോയിൽ ഡാറ്റാ സെന്ററുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ ആദ്യ നഗരമായി ഓക്‌വിൽ കഴിഞ്ഞ മാസം മാറിയിരുന്നു. ഹാമിൽട്ടണിലും ബർലിങ്ടണിലും സമാനമായ നടപടികൾക്കുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
