ബെയ്ജിങ്: അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും ആയുധസമാഹരണവും സൈനിക അഭ്യാസങ്ങളും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് ആണവശേഷി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉത്തര കൊറിയ. രാജ്യത്തിന്റെ സ്വയംപ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി ആണവായുധ ശേഖരം വികസിപ്പിക്കുന്നത് തുടരുമെന്ന് ഉത്തര കൊറിയൻ ഉപ പ്രതിരോധ മന്ത്രി കിം കാങ് ഇൽ വ്യക്തമാക്കി.
ചൈനയിൽ നടന്ന ബെയ്ജിങ് സിയാങ്ഷാൻ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിൽ അമേരിക്കയും സഖ്യരാജ്യങ്ങളും നടത്തുന്ന സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര സുരക്ഷാ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്നതായും കിം കാങ് ഇൽ ആരോപിച്ചു.
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കൂടുതൽ ശക്തമായ ആണവ പ്രതിരോധ സംവിധാനം വികസിപ്പിക്കുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും ആണവശേഷി വർധിപ്പിക്കുന്ന നയത്തിൽ മാറ്റമില്ലെന്ന സൂചനയാണ് പുതിയ പ്രസ്താവന നൽകുന്നത്.

അതേസമയം, ഉത്തര കൊറിയയുടെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ( IAEA) നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യോങ്ബിയോൺ ആണവ സമുച്ചയത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിനായി ഉപയോഗിക്കുന്ന പുതിയ സൗകര്യം നിർമിച്ചതായി ഐഎഇഎ റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ കേന്ദ്രത്തിൽ നിരവധി സെൻട്രിഫ്യൂജുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണ ശേഷി വർധിപ്പിക്കുന്നതിനുള്ള ഉത്തര കൊറിയയുടെ നീക്കങ്ങൾ മേഖലയിലെ ആണവ സുരക്ഷാ ആശങ്കകൾ കൂടുതൽ ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ.
