ഓട്ടവ: കാനഡയിൽ അവശേഷിച്ചിരുന്ന ഏക എപ്പിഷെൽഫ് തടാകം പൂർണമായും ഇല്ലാതായതായി പുതിയ പഠനം. നുനാവുട്ടിലെ എല്ല്സ്മിയർ ദ്വീപിലുണ്ടായിരുന്ന മിൽൻ ഫിയോർഡ് തടാകമാണ് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് അപ്രത്യക്ഷമായത്.
കെബെക്കിലെ ലാവൽ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ജെറമി ബൊന്നോയുടെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പഠനഫലങ്ങൾ ‘സയന്റിഫിക് റിപ്പോർട്ട്സ്’ ജേണലിൽ പ്രസിദ്ധീകരിച്ചു.
ഉപ്പുവെള്ളത്തിന് മുകളിൽ ശുദ്ധജലം നിലനിന്നിരുന്ന അപൂർവ തടാകമായിരുന്നു മിൽൻ ഫിയോർഡ്. മിൽൻ ഐസ് ഷെൽഫ് എന്ന കൂറ്റൻ മഞ്ഞുപാളി തടഞ്ഞുനിർത്തിയതിനാലാണ് ആയിരക്കണക്കിന് വർഷങ്ങളായി തടാകത്തിൽ ശുദ്ധജലം നിലനിന്നത്.

എന്നാൽ 2020ൽ മഞ്ഞുപാളി തകർന്നതോടെ തടാകത്തിലെ ശുദ്ധജലം രണ്ട് മാസത്തിനുള്ളിൽ സമുദ്രത്തിലേക്ക് ഒഴുകിപ്പോയി. ഇതോടെ തടാകം പൂർണമായും ഇല്ലാതായി.
തടാകം അപ്രത്യക്ഷമായതോടെ അവിടെ മാത്രം കാണപ്പെട്ടിരുന്ന അപൂർവ സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയും നഷ്ടമായി. ആർട്ടിക്കിലെ കാലാവസ്ഥാ വ്യതിയാനം പ്രകൃതിവ്യവസ്ഥകളിൽ സൃഷ്ടിക്കുന്ന ഗുരുതരമായ മാറ്റത്തിന്റെ ഉദാഹരണമാണ് മിൽൻ ഫിയോർഡിന്റെ അപ്രത്യക്ഷമാകലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഗ്രീൻലാൻഡിലും അന്റാർട്ടിക്കയിലും മാത്രമാണ് ഇത്തരം എപ്പിഷെൽഫ് തടാകങ്ങൾ അവശേഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കിൽ അവയും ഭീഷണി നേരിടാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.
