റെജൈന: സസ്കാച്വാനിൽ പൈലറ്റ് പരിശീലനത്തിനിടെ വിമാനം തകർന്നുവീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ മനോജ് ശിവകുമാറും പുതുച്ചേരി സ്വദേശിയായ ശ്രീശരൺ തിരുജ്ഞാനസംബന്ധവുമാണ് മരിച്ചത്. വൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്.
സസ്കാച്വാനിലെ കിസ്ബിക്ക് സമീപം സെപ്റ്റംബർ 18 വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. മാനിറ്റോബ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർവ്സ് എയർ ഫ്ലൈയിങ് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സെസ്ന 172 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റെജൈനയിൽ നിന്ന് കാർലൈൽ വഴി മാനിറ്റോബയിലെ സ്റ്റെയ്ൻബാക്കിലേക്ക് രാത്രികാല ദീർഘദൂര പരിശീലനപ്പറക്കൽ നടത്തുന്നതിനിടെയായിരുന്നു അപകടം.
വെള്ളിയാഴ്ച രാവിലെ നിശ്ചിത സമയത്ത് വിമാനം ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതിനെ തുടർന്ന് ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. റോയൽ കനേഡിയൻ എയർഫോഴ്സിന്റെ ഹെർക്കുലീസ് വിമാനവും തിരച്ചിലിൽ പങ്കെടുത്തു. തുടർന്ന് വൈകുന്നേരത്തോടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ രണ്ട് വിദ്യാർത്ഥികളും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ, ട്രാൻസ്പോർട്ട് കാനഡ, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) എന്നിവ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മരിച്ച വിദ്യാർഥികളുടെ ഭൗതികശരീരങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനാവശ്യമായ എല്ലാ കൗൺസുലാർ സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
2025 ജനുവരിക്ക് ശേഷം ഹാർവ്സ് എയർ ഫ്ലൈയിങ് സ്കൂളുമായി ബന്ധപ്പെട്ടുണ്ടായ മൂന്നാമത്തെ വലിയ അപകടമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
