Tuesday, September 22, 2026

കാനഡയിൽ ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കച്ചവടം: അഞ്ചംഗ സംഘം പിടിയിൽ

ടൊറന്റോ: കാനഡയിൽ ഡാർക്ക് വെബ് (Dark Web) കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് വിതരണം നടത്തിവന്ന സംഘത്തെ കനേഡിയൻ പൊലീസ് പിടികൂടി. യോർക്ക് റീജനൽ പൊലീസ് നടത്തിയ ‘പ്രോജക്റ്റ് ഗോസ്റ്റ്‌വയർ’ (Project Ghostwire) എന്ന അതീവ രഹസ്യ ഓപ്പറേഷനിലാണ് അഞ്ചംഗ സംഘം വലയിലായത്. കാനഡയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഡാർക്ക് വെബ് ലഹരിവേട്ടയാണിത്. പ്രതികൾക്കെതിരെ ആകെ 81 കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

മിസിസാഗ സ്വദേശി സെഡ്രിക് ഒലിപാനോ (38), ടൊറന്റോ സ്വദേശി ലെക്സിയ ഒലിവർ (23), ഓക്‌വില്ലെ സ്വദേശി പുയ് യാൻ ലായ് (42), വോൺ സ്വദേശി ബെഞ്ചമിൻ ക്യൂൻറ്റ (34), ബ്രാംപ്ടൺ സ്വദേശി സെറ ബൗഡ്രോ (27) എന്നിവരാണ് അറസ്റ്റിലായ കനേഡിയൻ സ്വദേശികൾ.

ആമസോൺ മാതൃകയിൽ ലഹരി വിപണി

“ഐസി വൈറ്റ് നോർത്ത്” (Icy White North) എന്ന പേരിൽ ഡാർക്ക് വെബിൽ ഓൺലൈൻ സ്റ്റോർ നിർമ്മിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ ആമസോണിന്റെ മാതൃകയിലായിരുന്നു ഇവരുടെ ബിസിനസ്സ് രീതി. ഉപഭോക്താക്കൾക്ക് ലഹരിമരുന്ന് ഓർഡർ ചെയ്യാനും റേറ്റിംഗും റിവ്യൂവും നൽകാനും സൈറ്റിൽ സൗകര്യമുണ്ടായിരുന്നു. ഒൻപതിനായിരത്തിലധികം പോസിറ്റീവ് റിവ്യൂകളാണ് ഈ സൈറ്റിന് ഉണ്ടായിരുന്നത്. ക്രിപ്‌റ്റോകറൻസി (Cryptocurrency) വഴിയായിരുന്നു പണമിടപാടുകൾ.

മിസിസാഗയിലെ ഒരു ആഡംബര പെന്റ് ഹൗസ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഡാർക്ക് വെബ്ബിലൂടെ ലഭിക്കുന്ന ഓർഡറുകൾ കാനഡയിലെ ഔദ്യോഗിക തപാൽ, പാഴ്സൽ സർവീസുകൾ വഴി അതീവ രഹസ്യമായി ആവശ്യക്കാരുടെ വിലാസങ്ങളിൽ എത്തിച്ചു നൽകുകയായിരുന്നു ഇവരുടെ രീതി.

കോടികളുടെ മയക്കുമരുന്നും ആഡംബര വസ്തുക്കളും പിടിച്ചെടുത്തു

പ്രതികളിൽ നിന്ന് ഏകദേശം 3 മില്യൺ കനേഡിയൻ ഡോളർ (ഏകദേശം 18 കോടിയിലധികം ഇന്ത്യൻ രൂപ) വിപണി വിലമതിക്കുന്ന ഫെന്റാനിൽ, കൊക്കൈൻ, ഹെറോയിൻ, എൽ.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരിമരുന്നുകൾ പൊലീസ് കണ്ടെടുത്തു.ഇതിനുപുറമെ, അനധികൃതമായി സൂക്ഷിച്ച തോക്കുകൾ, 2 ലക്ഷം ഡോളർ മൂല്യമുള്ള ക്രിപ്റ്റോ കറൻസി അക്കൗണ്ടുകൾ, ആഡംബര കാറുകൾ, ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകൾ ഉൾപ്പെടെ 1 മില്യൺ ഡോളറിലേറെ മൂല്യമുള്ള മറ്റ് ആസ്തികളും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

കാനഡയുടെ ചരിത്രത്തിൽ തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായാണ് ‘പ്രോജക്റ്റ് ഗോസ്റ്റ്‌വയർ’ വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!