ടൊറന്റോ: സ്കാര്‍ബ്റോയില്‍ (Scarborough) ബസില്‍ നിന്നിറങ്ങുകയായിരുന്ന മുസ്ലിം യുവതിക്ക് നേരെ അജ്ഞാതന്റെ ക്രൂരമായ ആക്രമണം. മുഖത്തടിയേറ്റ യുവതിയെ തലച്ചോറിന് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8:15-ഓടെ ഫിഞ്ച് അവന്യൂ ഈസ്റ്റ്, മിഡ്ലാന്റ് അവന്യൂ എന്നിവയ്ക്ക് സമീപമുള്ള ടി.ടി.സി (TTC) ബസ് സ്റ്റോപ്പിലാണ് സംഭവം നടന്നത്. ഹിജാബ് ധരിച്ചിരുന്ന യുവതിക്ക് നേരെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് അക്രമം നടന്നതെന്നും, ഇതൊരു ഇസ്സാമോഫോബിക് (Islamophobic) അക്രമമാണെന്ന് സംശയിക്കുന്നതായും നോര്‍ത്ത് അമേരിക്കന്‍ മുസ്ലിം ഫൗണ്ടേഷന് (NAMF) വ്യക്തമാക്കി.
ബസിലേക്ക് കയറാന്‍ ശ്രമിച്ച അജ്ഞാതനായ വ്യക്തി ബസില്‍ നിന്നിറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. എന്നാല്‍ അക്രമം നടന്നിട്ടും ബസ് നിര്‍ത്തിയിടാനോ യാത്രക്കാരിലാരെങ്കിലും ഇടപെടാനോ തയ്യാറായില്ലെന്നും സംഘടന ആരോപിച്ചു. ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആക്രമണത്തെ ശക്തമായി അപലപിച്ച സ്കാര്‍ബ്റോ കൗണ്‍സിലര്‍ നിക്ക് മാന്റാസ് (Nick Mantas), ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്ന സംഭവമാണെന്നും വംശീയമോ മതപരമോ ആയ വെറുപ്പാണ് ആക്രമണത്തിന് പിന്നിലെങ്കില്‍ ടൊറന്റോ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തില്‍ ടൊറന്റോ ട്രാന്‍സിറ്റ് കമ്മീഷന് (TTC) അന്വേഷണം പ്രഖ്യാപിക്കുകയും ബസിലെ സി.സി.ടി.വി (CCTV) ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രതിയെ ഉടനടി കണ്ടെത്താന്‍ ഈ ദൃശ്യങ്ങള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടി.ടി.സി വക്താവ് വ്യക്തമാക്കി.
