ഹൂസ്റ്റണ്‍: ബഹിരാകാശ യാത്രയെന്ന തന്റെ നീണ്ടകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങി കനേഡിയന്‍ ബഹിരാകാശയാത്രികനായ ജോഷ്വ കെട്രിക്. നാസയുടെ സ്പേസ് എക്സ് ക്രൂ 13 (SpaceX Crew 13) ദൗത്യത്തിന്റെ ഭാഗമായി അടുത്ത ആഴ്ച അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിക്കും.
44-കാരനായ കെട്രിക് അടക്കം നാല് അംഗങ്ങളാണ് ഈ ദൗത്യത്തിലുള്ളത്. ആറ് മാസക്കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കുന്ന സംഘം വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍, ഗവേഷണങ്ങള്‍, നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ എന്നിവ നിര്‍വ്വഹിക്കും.

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടക്കുക. നിലവില്‍ ഹൂസ്റ്റണില്‍ ക്വാറന്റൈനില്‍ കഴിയുന്ന കെട്രിക് ഉടന്‍ തന്നെ വിക്ഷേപണത്തിനായി ഫ്ലോറിഡയിലേക്ക് തിരിക്കും. കാനഡയെ പ്രതിനിധീകരിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് കെട്രിക് വ്യക്തമാക്കി.
യാത്രയില്‍ കനേഡിയന്‍ പതാകകള്‍ക്കൊപ്പം വൈകാരിക പ്രാധാന്യമുള്ള മറ്റൊരു വസ്തുവും അദ്ദേഹം കൂടെ കരുതുന്നുണ്ട്. നാല് തലമുറകള്‍ക്ക് മുന്‍പ് ഉക്രെയ്നില് നിന്ന് കാനഡയിലെ ആല്‍ബര്‍ട്ടയിലേക്ക് കുടിയേറിപ്പാര്‍ത്ത തന്റെ കുടുംബം കൊണ്ടുവന്ന പുരാതനമായ ഒരു പോക്കറ്റ് വാച്ചാണ് അദ്ദേഹം ബഹിരാകാശത്തേക്ക് കൂടെ കൊണ്ടുപോകുന്നത്.
