ഹാലിഫാക്സ്: സന്ദർശകന് കയോട്ടിയുടെ കടിയേറ്റതിനെ തുടർന്ന് കെയ്പ്ബ്രെറ്റൺ ഹൈലാൻഡ്സ് നാഷണൽ പാർക്കിന്റെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചു. വ്യാഴാഴ്ച മകിന്റോഷ് ബ്രൂക്ക് പ്രദേശത്താണ് സംഭവം.
സംഭവത്തെ തുടർന്ന് മകിന്റോഷ് ബ്രൂക്ക്, ലോൺ ഷീലിങ് എന്നിവയ്ക്കൊപ്പം സമീപത്തെ റോഡരികിലെ പാർക്കിങ് മേഖലകളും മുൻകരുതൽ നടപടിയുടെ ഭാഗമായി താൽക്കാലികമായി അടച്ചതായി പാർക്സ് കാനഡ അറിയിച്ചു. പ്രദേശത്ത് ഉദ്യോഗസ്ഥരുടെ നിരീക്ഷണം തുടരുകയാണ്.
കയോട്ടിയുടെ കടിയേറ്റ വ്യക്തിയുടെ ആരോഗ്യനില സംബന്ധിച്ച് നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് പാർക്സ് കാനഡയോട് വിശദീകരണം തേടിയതായി റിപ്പോർട്ടുണ്ട്.

സന്ദർശകർ വന്യജീവികളെ സമീപിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കയോട്ടിയെ കണ്ടുമുട്ടിയാൽ ശരീരം വലുതായി തോന്നിക്കുന്ന വിധത്തിൽ നിൽക്കുകയും ശബ്ദമുണ്ടാക്കുകയും പതുക്കെ പിന്നോട്ട് മാറുകയും ചെയ്യണമെന്നാണ് നിർദേശം.
ദേശീയ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിൽ വന്യജീവികൾക്ക് ഭക്ഷണം നൽകുകയോ അവയെ ആകർഷിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമലംഘനത്തിന് 25,000 കനേഡിയൻ ഡോളർ വരെ പിഴ ഈടാക്കാം.
ഈ മാസം ആദ്യം പാർക്സ് കാനഡയുടെ കീഴിലുള്ള ഫോർട്രസ് ഓഫ് ലൂയിസ്ബർഗ് നാഷണൽ ഹിസ്റ്റോറിക് സൈറ്റിലും മനുഷ്യനും കയോട്ടിയും തമ്മിൽ സമ്പർക്കമുണ്ടായതായി അധികൃതർ അറിയിച്ചിരുന്നു. തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കയോട്ടികളുടെ ആക്രമണ സ്വഭാവത്തെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
