തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍. ജില്ലാ തലത്തില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനമായി. പഞ്ഞിയും ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും മുതല്‍ കുട്ടികള്‍ക്കുള്ള വൈറ്റമിന്‍ എ, വാക്‌സിനുകള്‍ വരെ കഴിഞ്ഞ രണ്ടു മാസമായി ആശുപത്രികളില്‍ ലഭ്യമല്ലെന്ന പരാതികള്‍ ശക്തമാണ്. ഇതിനിടെ പകര്‍ച്ചപ്പനി വ്യാപനം കൂടി രൂക്ഷമായത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 7,740 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത്, സ്റ്റോക്കില്ലാതിരുന്ന മരുന്നുകളുടെ ടെന്‍ഡര്‍ നടപടികള്‍ കെ.എം.എസ്.സി.എല്‍ (KMSCL) പൂര്‍ത്തിയാക്കി. അടിയന്തരമായി ആവശ്യമുള്ള 28 തരം മരുന്നുകള്‍ ഈ മാസം പകുതിയോടെ ആശുപത്രികളില്‍ എത്തിക്കാനാണ് തീരുമാനം. കൂടാതെ, ലോക്കല്‍ പര്‍ച്ചേസ് വഴി അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് പൊതുജനങ്ങളോട് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.
