മൺട്രിയോൾ: മൺട്രിയോൾ-നോർത്ത് ബോറോയിലുള്ള ഭവനരഹിതരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മധ്യവയസ്ക മരിച്ചു.
ഇന്ന് പുലർച്ചെ 4:50 ഓടെ ഷാർലറോയ് സ്ട്രീറ്റിന്റെയും ലക്കോർഡെയർ ബൊളിവാർഡിന്റെയും ജങ്ഷന് സമീപമുള്ള താൽക്കാലിക ക്യാമ്പിലാണ് അപകടമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ഒരു ദൃക്സാക്ഷി ക്യാമ്പിൽ തീ പടരുന്നത് കണ്ട് ഉടൻ തന്നെ എമർജൻസി വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തുമ്പോഴേക്കും തീ പകുതിയോളം അണഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്യാമ്പിനുള്ളിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന സ്ത്രീയെ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അട്ടിമറി സാധ്യതകൾ ഉൾപ്പെടെ പരിശോധിക്കുന്നതിനായി മൺട്രിയോൾ പൊലീസിന്റെ ആർസൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (Arson Unit) അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സംഭവത്തിൽ മൺട്രിയോൾ മേയർ സൊരയ മാർട്ടിനെസ് ഫെറാഡ അനുശോചനം രേഖപ്പെടുത്തി. ഭവനരഹിതരായ ജനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവർക്ക് സ്ഥിരമായ പാർപ്പിടങ്ങൾ ഒരുക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യത്തെക്കുറിച്ചും ഈ അപകടം വിരൽ ചൂണ്ടുന്നതായി അധികൃതർ വ്യക്തമാക്കി.
