ടൊറന്റോ: നഗരത്തിൽ എംപോക്സ് (Mpox) കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ടൊറന്റോ പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാക്സിൻ സ്വീകരിക്കാൻ അർഹരായവർ എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ടൊറന്റോയിൽ എംപോക്സ് കേസുകളിൽ വർധന രേഖപ്പെടുത്തിയതോടെയാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർ പ്രതിരോധ സംരക്ഷണം ഉറപ്പാക്കുന്നതിനായി രണ്ടാം ഡോസും നിർദേശിച്ച സമയത്ത് സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
അടുത്ത സമ്പർക്കത്തിലൂടെ രോഗവ്യാപനം
രോഗബാധിതരുമായി അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയും ചർമ്മവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് എംപോക്സ് പ്രധാനമായും പകരുന്നത്. രോഗബാധിതർ ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരികൾ തുടങ്ങിയവ പങ്കുവയ്ക്കുന്നതിലൂടെയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

പനി, ശക്തമായ തലവേദന, പേശിവേദന, ശരീരത്തിലും മുഖത്തും പ്രത്യക്ഷപ്പെടുന്ന കുമിളകളും തിണർപ്പുകളും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ കണ്ടാൽ സമ്പർക്കം ഒഴിവാക്കണം
പൊതുജനങ്ങളിൽ ഭൂരിഭാഗം പേർക്കും എംപോക്സ് ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ മറ്റുള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കി ആരോഗ്യപ്രവർത്തകരുടെ സഹായം തേടണമെന്ന് അധികൃതർ നിർദേശിച്ചു.
ടൊറന്റോയിലെ വിവിധ കേന്ദ്രങ്ങളിൽ എംപോക്സ് വാക്സിനേഷൻ സൗകര്യം ലഭ്യമാണെന്നും വാക്സിന് അർഹരായവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
