ഓട്ടവ: കാനഡയുടെ പ്രതിരോധ ബജറ്റിൽ ചരിത്രപരമായ വർധനവ് രേഖപ്പെടുത്തുമ്പോഴും, സൈന്യത്തിന്റെ ആഭ്യന്തര പ്രവർത്തന ചെലവുകൾ ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കാൻ കനേഡിയൻ ഗവൺമെന്റിന്റെ ഉത്തരവ്. നാറ്റോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സൈനിക നവീകരണത്തിന് കോടിക്കണക്കിന് ഡോളർ അനുവദിക്കുന്നതിനൊപ്പമാണ്, ഡിപ്പാർട്ട്മെന്റുകളുടെ ദൈനംദിന നടത്തിപ്പ് ചെലവുകളിൽ വൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ നൽകിയ നിർദേശപ്രകാരം കാനഡയിലെ വിവിധ സർക്കാർ വകുപ്പുകൾക്ക് പ്രവർത്തന ബജറ്റിൽ 7.5 ശതമാനം മുതൽ 15 ശതമാനം വരെ വെട്ടിക്കുറയ്ക്കൽ നിശ്ചയിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് സൈന്യത്തെയും ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കൺസൾട്ടന്റുമാർക്കും ഭരണപരമായ ആവശ്യങ്ങൾക്കുമായി ചെലവഴിക്കുന്ന തുക പരമാവധി കുറച്ച്, അത് സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ വാങ്ങുന്നതിനും ആധുനികവൽക്കരണത്തിനുമായി വിനിയോഗിക്കുക എന്നതാണ് കാനഡ ലക്ഷ്യമിടുന്നത്. ജിഡിപിയുടെ 2 ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കുക എന്ന നാറ്റോ ലക്ഷ്യം കാനഡ കൈവരിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് 5 ശതമാനത്തിലേക്ക് എത്തിക്കാനാണ് പുതിയ ഗവൺമെന്റിന്റെ നീക്കം.
കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും സൈനികരുടെ ശമ്പളത്തിൽ ഗണ്യമായ വർധനവ് വരുത്താൻ ഗവൺമെന്റ് തയ്യാറായിട്ടുണ്ട്.
അതേസമയം, കൺസൾട്ടൻസി ഫീസുകളും ഭരണച്ചെലവുകളും വെട്ടിച്ചുരുക്കുന്നത് ആയുധ സംഭരണത്തിന് കൂടുതൽ തുക ലഭ്യമാക്കുമെങ്കിലും, സൈന്യത്തിന്റെ ദൈനംദിന പരിശീലനങ്ങളെയും അറ്റകുറ്റപ്പണികളെയും ഇത് ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയും പ്രതിരോധ വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
