ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ. മുരുഗൻ രാജിവെച്ചു. രാജ്യസഭാംഗത്വവും രാജിവെച്ചു. തമിഴ്നാട്ടിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിനും 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി പാർട്ടിയുടെ താഴെത്തട്ടിൽ സജീവമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജിയുടെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ വിശദീകരണം പുറത്തുവന്നിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണെന്ന് മുരുഗൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഒരു ദിവസവേതന തൊഴിലാളിയുടെ മകനായ തനിക്ക് കേന്ദ്രമന്ത്രിയാകാൻ അവസരം നൽകിയ പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2029 തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കും
ബി.ജെ.പിയെ ശക്തിപ്പെടുത്താൻ സാധാരണ പ്രവർത്തകർക്കൊപ്പം താഴെത്തട്ടിൽ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മുരുഗൻ പറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപഴകിയും പാർട്ടിയുടെ സംഘടനാ അടിത്തറ വിപുലീകരിച്ചും 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തിയപ്പോഴുള്ള പരിപാടികളിൽ മുരുഗൻ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ രാജി.
2030 വരെ കാലാവധി ശേഷിക്കെയാണ് രാജി
തമിഴ്നാട് ബി.ജെ.പിയുടെ മുൻ അധ്യക്ഷനായ എൽ. മുരുഗൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2030 വരെ രാജ്യസഭാംഗമായി തുടരാൻ കാലാവധി ഉണ്ടായിരുന്നെങ്കിലും അദ്ദേഹം സ്ഥാനമൊഴിയാൻ തീരുമാനിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ ബി.ജെ.പിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും മുരുഗന്റെ പുതിയ നീക്കം സഹായിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളുടെ പ്രതീക്ഷ.
