കോഴിക്കോട്: വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയത്തിനു താഴെ ഞരമ്പ് പൊട്ടിയാണ് മരണം. കേരളത്തിന്റെ നെല്ലച്ഛൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം പരമ്പരാഗത നെൽക്കൃഷിയുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു.
32 ഇനം നെൽവിത്തുകളുടെ കാവൽക്കാരൻ
വയനാട്ടിലെ പാരമ്പര്യ നെൽവിത്തുകൾ സംരക്ഷിക്കുന്നതിൽ ചെറുവയൽ രാമൻ നിർണായക പങ്കുവഹിച്ചു. കുറിച്യ സമുദായത്തിൽപ്പെട്ട അദ്ദേഹം 32 ഇനം പരമ്പരാഗത നെല്ലുകൾ കൃഷി ചെയ്ത് സംരക്ഷിച്ചിരുന്നു. നെൽവിത്തുകൾക്കു പുറമേ പരമ്പരാഗത പച്ചക്കറി ഇനങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധ വൃക്ഷങ്ങൾ എന്നിവയും തന്റെ കൃഷിയിടത്തിൽ പരിപാലിച്ചു.
പരമ്പരാഗത കൃഷിരീതികളും ജൈവവൈവിധ്യവും വരുംതലമുറകൾക്കായി നിലനിർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. വിത്തുകളുടെ സംരക്ഷണത്തിലൂടെ കേരളത്തിന്റെ കാർഷിക പൈതൃകം കാത്തുസൂക്ഷിച്ച അദ്ദേഹം കർഷകർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രചോദനമായി.
രാജ്യാന്തര വേദിയിലും കേരളത്തിന്റെ പ്രതിനിധി
2011ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ചെറുവയൽ രാമനായിരുന്നു. പരമ്പരാഗത വിത്തുകളുടെ സംരക്ഷണത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിരീതികളെക്കുറിച്ച് പഠിക്കാൻ നിരവധി വിദ്യാർഥികളും ഗവേഷകരും കർഷകരും എത്തിയിരുന്നു. കൃഷി ഉപജീവനമാർഗം മാത്രമല്ലെന്നും പ്രകൃതിയുടെയും പൈതൃകത്തിന്റെയും സംരക്ഷണത്തിനുള്ള മാർഗം കൂടിയാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു.
പത്മശ്രീ നൽകി രാജ്യം ആദരിച്ചു
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 2023ൽ രാജ്യം ചെറുവയൽ രാമനെ പത്മശ്രീ നൽകി ആദരിച്ചു.
വിത്തുകളുടെ വൈവിധ്യം കാത്തുസൂക്ഷിച്ചും പരമ്പരാഗത കൃഷിയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നുനൽകിയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കാർഷിക മേഖലയിൽ വിലപ്പെട്ട മാതൃകയാണ്. നെൽവിത്തുകളുടെ അപൂർവ ശേഖരവും പ്രകൃതിയോടിണങ്ങിയ കൃഷിരീതികളും ബാക്കിവെച്ചാണ് കേരളത്തിന്റെ നെല്ലച്ഛൻ വിടവാങ്ങുന്നത്.
