ഓട്ടവ: ചിപ്സുകള്, ശീതീകരിച്ച ഭക്ഷണങ്ങള് തുടങ്ങിയ അള്ട്രാ-പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങള് പതിവായി കഴിക്കുന്നത് തലച്ചോറിലെ രക്തധമനികള്ക്ക് ക്ഷതമേല്ക്കാനുള്ള സാദ്ധ്യത 40 ശതമാനത്തിലധികം വര്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോര്ട്ട്. കാനഡയിലെ മക്മാസ്റ്റര് യൂണിവേഴ്സിറ്റിയിലെ ഗവേഷകര് ഒരു പതിറ്റാണ്ടിലേറെയായി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് വ്യാഴാഴ്ച ജേണല് ഓഫ് ദി അമേരിക്കന് മെഡിക്കല് അസോസിയേഷനില് (JAMA) പ്രസിദ്ധീകരിച്ചത്.

8,700-ലധികം മധ്യവയസ്കരായ കനേഡിയന് പൗരന്മാരിലാണ് ഗവേഷകര് എം.ആര്.ഐ (MRI) പരിശോധനകള് നടത്തിയത്. പ്രതിദിന ഭക്ഷണത്തിന്റെ 45 ശതമാനത്തിലധികം പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങള് കഴിക്കുന്ന വ്യക്തികളില് ലക്ഷണങ്ങളൊന്നും പുറത്തുകാണിക്കാത്ത ‘സൈലന്റ് സ്ട്രോക്ക്’ (silent stroke), സ്ട്രോക്കിന് മുന്നോടിയായുള്ള ലക്ഷണങ്ങള് എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ചെറിയ മസ്തിഷ്കാഘാതങ്ങള് ഭാവിയില് സ്ട്രോക്കിലേക്കോ ഓര്മ്മക്കുറവിലേക്കോ (ഡിമെന്ഷ്യ) നയിച്ചേക്കാമെന്ന് പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫ. ഡോ. സോണിയ ആനന്ദ് വ്യക്തമാക്കുന്നു. കൂടാതെ, ഇത്തരക്കാരില് അടിവയറ്റിലെ കൊഴുപ്പിന്റെ (deep belly fat) അളവ് കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യകരമായ ഭക്ഷണരീതിയും:പണപ്പെരുപ്പം കാരണം കൂടുതല് ആളുകള്ക്കും ആരോഗ്യകരമായ പുതിയ ഭക്ഷണ സാധനങ്ങള് വാങ്ങാന് കഴിയാത്ത അവസ്ഥയുണ്ടെന്ന് പഠനത്തിന്റെ സഹരചയിതാവും തട്ടുകടകളിലും സൂപ്പര്മാര്ക്കറ്റുകളിലും മറ്റും ലഭിക്കുന്ന ഭക്ഷണരീതികളെ നിരീക്ഷിക്കുകയും ചെയ്യുന്ന റസ്സല് ഡി സൂസ പറയുന്നു. എങ്കിലും കഴിയുന്നത്ര വീട്ടില് പാകം ചെയ്ത ഭക്ഷണങ്ങള് കഴിക്കാനും പ്രാദേശിക ഉല്പ്പന്നങ്ങള് തിരഞ്ഞെടുക്കാനും അദ്ദേഹം നിര്ദ്ദേശിക്കുന്നു. നിലവില് ഈ പഠനത്തിന്റെ അടുത്ത ഘട്ടം പുരോഗമിക്കുകയാണ്. പങ്കെടുത്തവരുടെ മസ്തിഷ്ക മാറ്റങ്ങള് വര്ഷങ്ങളിലൂടെ കൂടുതല് സൂക്ഷ്മമായി നിരീക്ഷിച്ച് ഒടുവിലത്തെ വിവരങ്ങള് 2028-ഓടെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
